തിരുവനന്തപുരം | 14, ഫെബ്രുവരി | 2026
ടി20 ലോകകപ്പിൽ നമീബിയക്കെതിരെ നടന്ന മത്സരത്തിൽ 93 റൺസിന്റെ ഉജ്ജ്വല വിജയം സ്വന്തമാക്കി ഇന്ത്യ കുതിപ്പ് തുടരുന്നു. ടൂർണമെന്റിലെ തുടർച്ചയായ രണ്ടാം ജയത്തോടെ ഗ്രൂപ്പ് ഘട്ടത്തിലെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്താനും ഇന്ത്യക്ക് സാധിച്ചു. ബാറ്റിംഗിൽ അർധ സെഞ്ചുറി നേടിയ ഓപ്പണർ ഇഷാൻ കിഷന്റെയും ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയുടെയും പ്രകടനമാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്.
മത്സരത്തിന് പിന്നാലെ ഡ്രസ്സിങ് റൂമിൽ നടന്ന ടീം മീറ്റിംഗിൽ മലയാളി താരം സഞ്ജു സാംസണെയും ഇഷാൻ കിഷനെയും ഇന്ത്യൻ ഹെഡ് കോച്ച് ഗൗതം ഗംഭീർ പ്രത്യേകം പ്രശംസിച്ചു. മത്സരത്തിൽ ടീമിന് നൽകിയ മികച്ച തുടക്കത്തെ മുൻനിർത്തിയായിരുന്നു ഗംഭീറിന്റെ വാക്കുകൾ. “സഞ്ജു, ഇഷാൻ.. അതൊരു ഗംഭീര തുടക്കമായിരുന്നു. ക്രീസിലെത്തുമ്പോൾ പുലർത്തേണ്ട പോസിറ്റീവായ ഉദ്ദേശ്യത്തെക്കുറിച്ച് (Intent) നമ്മൾ സംസാരിച്ചിരുന്നു. ഇത്തരം ആക്രമണോത്സുകമായ ബാറ്റിംഗാണ് ടീമിന് ആവശ്യം. ഭയമില്ലാതെ ധീരമായ തീരുമാനങ്ങൾ എടുക്കുക, നമ്മൾ ആഗ്രഹിച്ച രീതിയിൽ തന്നെയാണ് നിങ്ങൾ കളിച്ചത്,” ഗംഭീർ പറഞ്ഞു.
ബിസിസിഐ പുറത്തുവിട്ട ഡ്രസ്സിങ് റൂം വീഡിയോ നിമിഷങ്ങൾക്കകം ആരാധകർ ഏറ്റെടുത്തു. ഇഷാൻ കിഷന്റെ വെടിക്കെട്ട് ബാറ്റിംഗിനൊപ്പം സഞ്ജു സാംസൺ നൽകിയ പിന്തുണയും ടീമിന് വലിയ മുതൽക്കൂട്ടായി. അടുത്ത മത്സരങ്ങളിലും ഇതേ അഗ്രഷൻ തുടരണമെന്നാണ് പരിശീലകൻ ടീമിന് നൽകിയിരിക്കുന്ന നിർദ്ദേശം.
Content Highlights: India clinches its second consecutive win in the T20 World Cup, defeating Namibia by 93 runs. Head coach Gautam Gambhir praises Sanju Samson and Ishan Kishan for their aggressive start in the match.




















































