മുംബൈ | 26, ഡിസംബർ | 2025
അടുത്ത വർഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനായി പ്രഖ്യാപിച്ച ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസന് പകരം ഇഷാൻ കിഷനെ ഓപണിംഗിൽ കളിപ്പിക്കണമെന്ന് ഇഷാന്റെ ആദ്യകാല പരിശീലകൻ ഉത്തം മജുംദാർ അഭിപ്രായപ്പെട്ടു. മികച്ച ഫോമിലുള്ള ഇഷാൻ കിഷന് പ്ലേയിങ് ഇലവനിൽ ഉറപ്പായും സ്ഥാനം നൽകണമെന്നും സാധ്യമെങ്കിൽ ഓപ്പണറായി തന്നെ കളിപ്പിക്കണമെന്നും മജുംദാർ മാധ്യമങ്ങളോട് പ്രതികരിച്ചു.
ബിസിസിഐ പ്രഖ്യാപിച്ച ടി20 ലോകകപ്പ് സ്‌ക്വാഡിൽ സഞ്ജു സാംസൺ ആദ്യ വിക്കറ്റ് കീപ്പറായി ഇടംപിടിച്ചത് ആരാധകർക്ക് ആവേശമായിരുന്നു. സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള ടീമിൽ അക്‌സർ പട്ടേലാണ് വൈസ് ക്യാപ്റ്റൻ.
“ലോകകപ്പിനുള്ള പ്ലേയിംഗ് ഇലവൻ ബിസിസിഐ ടീം മാനേജ്മെന്റാണ് തീരുമാനിക്കുന്നത്. എന്നാൽ പവർപ്ലേ ഓവറുകളിൽ അഭിഷേക് ശർമയ്ക്കൊപ്പം ഇഷാൻ കിഷനാണ് കൂടുതൽ മികച്ച പ്രകടനം നടത്തുകയെന്നാണ് എന്റെ അഭിപ്രായം. ഇഷാൻ മിഡിൽ ഓർഡർ ബാറ്ററാണെന്നത് ശരിയാണ്. എന്നാൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ വർഷങ്ങളായി അദ്ദേഹം ഓപ്പണിങ് ബാറ്ററുടെ റോളിലാണ്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഇഷാന്റെ തകർപ്പൻ ബാറ്റിങ് പ്രകടനം നമ്മൾ എല്ലാവരും കണ്ടതാണ്,” മജുംദാർ വ്യക്തമാക്കി.
ഇഷാന്റെ സമീപകാല പ്രകടനവും ഐപിഎല്ലിലെ പരിചയവും കണക്കിലെടുത്ത് അദ്ദേഹത്തിന് ടീമിൽ സ്ഥാനം ലഭിക്കണമെന്നാണ് പരിശീലകന്റെ വാദം. ടി20 ലോകകപ്പിലെ ആദ്യ ഇലവനെ തെരഞ്ഞെടുക്കുന്നതിൽ ടീം മാനേജ്മെന്റിന് ഇപ്പോൾ പ്രധാന തീരുമാനമെടുക്കേണ്ടിവരും.
Content Highlights: Ishan Kishan’s childhood coach Uttam Majumdar suggests he should open instead of Sanju Samson in T20 World Cup, emphasizes Kishan’s excellent form and IPL opening experience, praises performance in Syed Mushtaq Ali Trophy




















































