കണ്ണൂർ | ജനുവരി 1, 2026
കണ്ണൂർ: ബി.ജെ.പി മുഖപത്രമായ ജന്മഭൂമിയുടെ കണ്ണൂർ എഡിഷനിൽ മുസ്ലിം ലീഗ് മുഖപത്രം ചന്ദ്രികയുടെ എഡിറ്റോറിയൽ പേജ് അച്ചടിച്ചുവന്നത് കൗതുകമായി. ഇന്ന് പുറത്തിറങ്ങിയ ജന്മഭൂമി പത്രത്തിന്റെ ഉള്ളിലെ എഡിറ്റോറിയൽ പേജിലാണ് ചന്ദ്രികയുടെ ഉള്ളടക്കം പൂർണ്ണമായും ഇടംപിടിച്ചത്. ഒരേ പ്രസ്സിൽ നിന്ന് രണ്ട് പത്രങ്ങളും അച്ചടിക്കുന്നതിനിടെ സംഭവിച്ച സാങ്കേതിക പിഴവാണ് ഈ അബദ്ധത്തിന് കാരണമെന്നാണ് പ്രാഥമിക സൂചന.
ചന്ദ്രികയുടെ ഉള്ളടക്കം ജന്മഭൂമിയിൽ
മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ, എം.കെ. മുനീർ എന്നിവരുടെ ലേഖനങ്ങൾ ഉൾപ്പെട്ട എഡിറ്റോറിയൽ പേജാണ് ജന്മഭൂമിയിൽ വന്നത്. ‘അലകും പിടിയും ഇടതുമുന്നണി’ എന്ന തലക്കെട്ടിലുള്ള ചന്ദ്രികയുടെ മുഖപ്രസംഗവും ഇതേ പേജിലുണ്ട്. ബാക്കി എല്ലാ പേജുകളും ജന്മഭൂമിയുടേത് തന്നെയാണെങ്കിലും എഡിറ്റോറിയൽ പേജ് പൂർണ്ണമായും മാറിപ്പോവുകയായിരുന്നു. കണ്ണൂർ, കാസർകോട് ജില്ലകളിൽ വിതരണം ചെയ്ത പത്രങ്ങളിലാണ് ഈ മാറ്റം പ്രകടമായത്.
പരിഹാസവുമായി മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി
സംഭവത്തെ രാഷ്ട്രീയമായി ആയുധമാക്കി മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം. മനോജ് രംഗത്തെത്തി. അബദ്ധങ്ങൾ സ്വാഭാവികമാണെങ്കിലും, ബി.ജെ.പി പത്രത്തിൽ ചന്ദ്രികയുടെ എഡിറ്റോറിയൽ പേജ് വന്നിട്ടും അതിൽ ബി.ജെ.പി രാഷ്ട്രീയത്തെ ഒന്ന് തൊട്ടുപോലും നോക്കുന്ന ഒരു വരി പോലുമില്ലെന്നത് അത്ഭുതകരമാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ചന്ദ്രികയുടെ എഡിറ്റോറിയൽ പോളിസി ബി.ജെ.പിക്ക് പൂർണ്ണമായി ഏറ്റെടുക്കാവുന്ന ഒന്നാണെന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും ‘അന്തർധാര’ സജീവമാണെന്നും അദ്ദേഹം പരിഹസിച്ചു.
സാങ്കേതിക പിഴവ്
രണ്ട് പത്രങ്ങളും ഒരേ പ്രസ്സിൽ അച്ചടിക്കുമ്പോൾ ജീവനക്കാർക്ക് സംഭവിക്കുന്ന പിഴവായി ഇതിനെ കാണാമെങ്കിലും, രാഷ്ട്രീയ എതിരാളികൾ ഇത് വലിയ ചർച്ചയാക്കുകയാണ്. സംഭവത്തിൽ ജന്മഭൂമിയോ ചന്ദ്രികയോ ഔദ്യോഗികമായി ഇതുവരെ വിശദീകരണം നൽകിയിട്ടില്ല. സോഷ്യൽ മീഡിയയിൽ പത്രത്തിന്റെ പേജുകൾ ഇതിനോടകം വൈറലായിക്കഴിഞ്ഞു.
Content Highlight In a major printing error, the editorial page of Indian Union Muslim League’s daily ‘Chandrika’ was printed in the Kannur edition of BJP’s mouthpiece ‘Janmabhoomi’. CM’s Press Secretary P.M. Manoj mocked the incident on social media, alleging a political ‘undercurrent’ between the two parties.




















































