കാസർകോട് | 24, ജനുവരി | 2026
കാസർകോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ഏറ്റവും വലിയ പ്രതീക്ഷാ മണ്ഡലമായ മഞ്ചേശ്വരത്ത് ഇത്തവണയും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ തന്നെ സ്ഥാനാർത്ഥിയായേക്കും. രണ്ട് തവണ നേരിയ വോട്ടുകൾക്ക് കൈവിട്ട വിജയം ഇത്തവണ എന്തുവിലകൊടുത്തും തിരിച്ചുപിടിക്കാനാണ് പാർട്ടി നീക്കം. മണ്ഡലത്തിൽ സജീവമാകാൻ കേന്ദ്ര നേതൃത്വവും സംസ്ഥാന ഘടകവും സുരേന്ദ്രന് നിർദ്ദേശം നൽകിയതായാണ് വിവരം.
മുസ്ലിം ലീഗ് നേതാവ് മാഹിൻ ഹാജിയുടെ വെളിപ്പെടുത്തലിനോട് സുരേന്ദ്രൻ നടത്തിയ പ്രതികരണവും അദ്ദേഹം മഞ്ചേശ്വരത്ത് മത്സരത്തിനൊരുങ്ങുന്നു എന്നതിന്റെ സൂചനയായാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ കാണുന്നത്. “89 വോട്ടിന് തോറ്റപ്പോഴും 600 വോട്ടിന് തോറ്റപ്പോഴും ഈ സത്യം അറിയാമായിരുന്നു, മഞ്ചേശ്വരം അന്നും ഇന്നും ഹൃദയത്തിൽ തന്നെയുണ്ട്” എന്ന സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് അണികൾക്കിടയിൽ വലിയ ആവേശം സൃഷ്ടിച്ചിട്ടുണ്ട്. ഇടത് വോട്ടുകൾ ലീഗിന് ലഭിക്കുന്നത് കൊണ്ടാണ് മഞ്ചേശ്വരത്ത് താൻ പരാജയപ്പെട്ടതെന്ന് സുരേന്ദ്രൻ നേരത്തെയും ആരോപിച്ചിരുന്നു.
മഞ്ചേശ്വരത്തെ സുരേന്ദ്രന്റെ വളർച്ച കണക്കുകളിൽ ഇങ്ങനെ:
2011: 43,989 വോട്ടുകൾ (തോൽവി – 5,828 വോട്ടിന്)
2016: 56,781 വോട്ടുകൾ (തോൽവി – വെറും 89 വോട്ടിന്)
2021: 65,013 വോട്ടുകൾ (തോൽവി – 745 വോട്ടിന്)
ഓരോ തവണയും വോട്ടുവിഹിതം വർദ്ധിപ്പിക്കാൻ സുരേന്ദ്രന് സാധിക്കുന്നുണ്ടെന്നതാണ് നേതൃത്വത്തെ ഇത്തവണയും അദ്ദേഹത്തിൽ തന്നെ എത്തിക്കുന്നത്. നിലവിൽ മുസ്ലിം ലീഗിന്റെ എ.കെ.എം. അഷ്റഫാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് മണ്ഡലത്തിൽ മേധാവിത്വം പുലർത്തിയെങ്കിലും, ചിട്ടയായ പ്രവർത്തനത്തിലൂടെ മഞ്ചേശ്വരം പിടിക്കാമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ.
Content Highlights
K. Surendran likely to contest from Manjeshwar again in the upcoming 2026 Assembly elections.
BJP leadership prioritizes Surendran’s growing vote share and past narrow defeats for the candidacy.
Surendran reacts to League leader Mahin Haji’s statement, reaffirming his emotional connection to Manjeshwar.
Statistical growth: Surendran’s votes rose from 43k in 2011 to 65k in 2021.
The party aims to overcome previous losses (89 votes in 2016 and 745 votes in 2021) with a focused campaign.




















































