തിരുവനന്തപുരം | 30, ഡിസംബർ | 2025
ശബരിമല സ്വർണക്കടത്ത് കേസിൽ മുൻ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തു. ശനിയാഴ്ചയാണ് കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തത്. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിനെയും അതേ ദിവസം തന്നെ ചോദ്യം ചെയ്തു. സ്വർണക്കൊള്ള നടന്ന സമയത്ത് ദേവസ്വത്തിന്റെ മന്ത്രി എന്ന നിലയിലാണ് ചോദ്യം ചെയ്തതെന്നാണ് വിവരം.
കടകംപള്ളി സ്ഥിരീകരിച്ചു
ചോദ്യം ചെയ്യൽ കടകംപള്ളി സുരേന്ദ്രൻ സ്ഥിരീകരിച്ചു. “2019ലെ ദേവസ്വം മന്ത്രിയെന്ന നിലയിലെ കാര്യങ്ങൾ എസ്ഐടി ചോദിച്ചു. എസ്ഐടിക്ക് മറുപടി നൽകിയിട്ടുണ്ട്,” എന്നായിരുന്നു കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചത്.
പത്മകുമാർ റിമാൻഡിൽ
കേസിൽ ദേവസ്വം ബോർഡ് മുൻ അധ്യക്ഷൻ എ പത്മകുമാറിന്റെ റിമാൻഡ് കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി. “കടകംപള്ളിയാണോ ദൈവതുല്യൻ” എന്ന ചോദ്യത്തിന് “ശവംതീനികൾ അല്ല” എന്നായിരുന്നു പത്മകുമാറിന്റെ മറുപടി. “ആരാണ് ദൈവതുല്യൻ” എന്ന ചോദ്യത്തോട് “വേട്ടനായ്ക്കൾ അല്ല” എന്നും മറുപടി പറഞ്ഞു. “ഇരയാക്കപ്പെടുന്നുണ്ടോ” എന്ന ചോദ്യത്തോട് “എല്ലാം അയ്യപ്പൻ നോക്കിക്കൊള്ളും” എന്നായിരുന്നു പ്രതികരണം. പത്മകുമാറിന്റെ ജാമ്യഹർജിയിൽ ജനുവരി ഏഴിന് വിധി പറയും.
എസ്ഐടി സംഘം വിപുലീകരിച്ചു
കേസിൽ എസ്ഐടി സംഘം വിപുലീകരിച്ചു. രണ്ട് സിഐമാരെ കൂടി ഉൾപ്പെടുത്തിയാണ് വിപുലീകരിച്ചത്. ഇതോടെ എസ്ഐടിയിൽ പത്ത് അംഗങ്ങളായി. സംഘം വിപുലീകരിക്കണമെന്ന എസ്ഐടി ആവശ്യത്തിന്റെ അടിസ്ഥാനത്തിൽ കോടതി അംഗീകാരം നൽകുകയും രണ്ട് സിഐമാരെ കൂടി ഉൾപ്പെടുത്തുകയുമായിരുന്നു.
ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടി അന്വേഷണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് മുൻ മന്ത്രിയെയും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റിനെയും ചോദ്യം ചെയ്തത്. കൂടുതൽ പേരെ ചോദ്യം ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
Content Highlights: Kadakampally Surendran questioned in Sabarimala gold heist case, former Devaswom Board president PS Prasanth also questioned, questioned as 2019 Devaswom minister, A Padmakumar remand extended 14 days, bail hearing January 7, SIT team expanded to 10 members, two more CIs included




















































