New Delhi | December 5, 2025
തുടർച്ചയായി കോൺഗ്രസിനെതിരായ പരാമർശങ്ങളുമായി രംഗത്തെത്തുന്ന ശശി തരൂർ എംപിയുടെ നിലപാടിനെക്കുറിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പ്രതികരിച്ചു. കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പ്രകടിപ്പിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും എന്നാൽ സിപിഎമ്മിൽ അത്തരം സ്വാതന്ത്ര്യം ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയനെതിരെ ഒരക്ഷരം പറഞ്ഞാൽ എന്തായിരിക്കും അവസ്ഥയെന്ന് കെ സി വേണുഗോപാൽ ചോദിച്ചു. ടി പി ചന്ദ്രശേഖരന്റെ അനുഭവം നമുക്കെല്ലാം മുന്നിലുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.
കോൺഗ്രസിന് വ്യക്തമായ ആശയങ്ങളും നയപരിപാടികളുമുണ്ടെന്നും ഏതെങ്കിലും നേതാവ് പറയുന്നത് കൊണ്ട് അത് മാറ്റാനാവില്ലെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി. ഏത് നേതാവ് പറഞ്ഞാലും പ്രവർത്തക സമിതി എടുക്കുന്ന തീരുമാനപ്രകാരമാണ് പാർട്ടി മുന്നോട്ടുപോകുകയെന്നും അദ്ദേഹം പറഞ്ഞു.
അതിൽനിന്ന് വ്യതിചലിക്കുന്നവരുടെത് വ്യക്തിപരമായ അഭിപ്രായമായിരിക്കുമെന്നും അത്തരം അഭിപ്രായങ്ങൾക്ക് ഒരു സമയപരിധി നൽകുമെന്നും കെ സി വേണുഗോപാൽ വിശദീകരിച്ചു.
പിഎം ശ്രീ വിദ്യാഭ്യാസ പദ്ധതി കരാർ ഒപ്പിടാൻ ജോൺ ബ്രിട്ടാസ് എംപി മധ്യസ്ഥം വഹിച്ചുവെന്ന കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ പ്രസ്താവനയിലും കെ സി വേണുഗോപാൽ പ്രതികരിച്ചു. ധർമേന്ദ്ര പ്രധാന്റെ പ്രസ്താവന വാസ്തവവിരുദ്ധമാണെങ്കിൽ ജോൺ ബ്രിട്ടാസിന് പ്രിവിലേജ് നോട്ടീസ് നൽകാമായിരുന്നുവെന്നും അത് ചെയ്യാത്തത് പല കാര്യങ്ങളും വ്യക്തമാക്കുന്നുണ്ടെന്നും വേണുഗോപാൽ സൂചിപ്പിച്ചു.
ബിജെപി-സിപിഎം ബന്ധം കൂടുതൽ വെളിപ്പെടുകയാണെന്നും കെ സി വേണുഗോപാൽ ആരോപിച്ചു. ലേബർ കോഡ്, പിഎം ശ്രീ പദ്ധതികളുമായി ബന്ധപ്പെട്ട കൂടിക്കാഴ്ചകളുടെ പശ്ചാത്തലത്തിൽ ഇത് കൂടുതൽ വ്യക്തമാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കമ്യൂണിസ്റ്റ് ആശയങ്ങൾ പണയം വെച്ച് അധികാരത്തിനുവേണ്ടി മോദിയുടെ മുന്നിൽ കവാത്ത് മറക്കുന്ന സർക്കാരാണിതെന്ന് കെ സി വേണുഗോപാൽ വിമർശിച്ചു. ഇത് സിപിഎം അണികൾ ചർച്ച ചെയ്യുമെന്നും അദ്ദേഹം പ്രതീക്ഷിച്ചു.




















































