ന്യൂഡൽഹി | 21, ജനുവരി | 2026
ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പന്ത്രണ്ടാം പ്രതിയും സിപിഐഎം നേതാവുമായ ജ്യോതി ബാബുവിന് ജാമ്യം അനുവദിക്കുന്നതിനെ സുപ്രീം കോടതിയിൽ ശക്തമായി എതിർത്ത് കേരള സർക്കാർ. ഹീനമായ കുറ്റകൃത്യത്തിൽ ഏർപ്പെട്ട പ്രതിക്ക് ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് സർക്കാർ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജ്യോതി ബാബു ജാമ്യാപേക്ഷ സമർപ്പിച്ചത്.
താൻ വൃക്കരോഗത്തിന് ചികിത്സയിലാണെന്നും ഡയാലിസിസ് ഉൾപ്പെടെയുള്ള വിദഗ്ദ്ധ ചികിത്സ ആവശ്യമാണെന്നുമാണ് ജ്യോതി ബാബുവിന്റെ വാദം. എന്നാൽ, കൊലപാതക കേസിലെ പ്രതിയായതിനാൽ വിചാരണക്കോടതിയിലെ രേഖകൾ വിശദമായി പരിശോധിക്കാതെ ജാമ്യം നൽകാനാവില്ലെന്ന് സുപ്രീം കോടതി നേരത്തെ തന്നെ നിരീക്ഷിച്ചിരുന്നു. ജ്യോതി ബാബുവിന് ജാമ്യം നൽകുന്നത് അപകടകരമാണെന്ന് ചൂണ്ടിക്കാട്ടി ടി.പി ചന്ദ്രശേഖരന്റെ ഭാര്യയും വടകര എംഎൽഎയുമായ കെ.കെ രമയും കോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടുണ്ട്.
2012 മെയ് നാലിന് വടകര വള്ളിക്കാട് വെച്ചാണ് ആർഎംപി നേതാവ് ടി.പി ചന്ദ്രശേഖരൻ ദാരുണമായി കൊല്ലപ്പെട്ടത്. കേസിൽ വിചാരണ കോടതി വെറുതെ വിട്ട ജ്യോതി ബാബുവിനെ, പിന്നീട് ഹൈക്കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ശിക്ഷിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് അദ്ദേഹം ജയിലിലായത്. പ്രതികൾക്ക് വഴിവിട്ട രീതിയിൽ പരോൾ നൽകുന്നതിനെതിരെ കഴിഞ്ഞ ദിവസങ്ങളിൽ ഹൈക്കോടതിയും രൂക്ഷവിമർശനം നടത്തിയിരുന്നു.
Content Highlights: Kerala government opposes bail application of Jyothi Babu, TP Chandrasekharan murder case accused, KK Rema MLA files affidavit against bail in Supreme Court.




















































