Thiruvananthapuram | December 02, 2025
കിഫ്ബി മസാല ബോണ്ട് കേസിൽ മുഖ്യമന്ത്രിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിശദമായ റിപ്പോർട്ട് സമർപ്പിച്ചു. കിഫ്ബി ചെയർമാനായ മുഖ്യമന്ത്രിക്ക് വ്യക്തമായ പങ്കുണ്ടെന്നാണ് ഇഡിയുടെ റിപ്പോർട്ട്.
മുഖ്യമന്ത്രി അധ്യക്ഷനായ യോഗത്തിൽ തീരുമാനം
മുഖ്യമന്ത്രി അധ്യക്ഷനായ യോഗത്തിലാണ് ഭൂമി വാങ്ങാൻ തീരുമാനിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഫണ്ട് ഉപയോഗിച്ച് 466 കോടി രൂപയുടെ ഭൂമി വാങ്ങിയത് ഫെമ (Foreign Exchange Management Act) ചട്ടലംഘനമാണെന്നാണ് ഇഡി കണ്ടെത്തൽ.
കിഫ്ബി ഡയറക്ടർ ബോർഡ് യോഗത്തിന്റെ മിനിറ്റ്സ് ഉൾപ്പെടുത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ഭൂമി വാങ്ങിയതിന്റെ രേഖകൾ സഹിതമാണ് റിപ്പോർട്ട് സമർപ്പിച്ചതെന്ന് ഇഡി വ്യക്തമാക്കി. 150-ലധികം പേജുകളുള്ള റിപ്പോർട്ടാണ് അഡ്ജുഡിക്കേറ്റിംഗ് അതോറിറ്റിക്ക് സമർപ്പിച്ചിരിക്കുന്നത്.
തോമസ് ഐസക്കിന്റെ പ്രതികരണം
ഇഡി നോട്ടീസ് അസംബന്ധമാണെന്ന് മുൻ ധനമന്ത്രി തോമസ് ഐസക് പ്രതികരിച്ചു. നോട്ടീസിന് മറുപടി നൽകണോ എന്ന കാര്യം മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഭൂമി വാങ്ങുന്നത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നടത്തിയതെന്നും കിഫ്ബിക്ക് ഭൂമി ഉപയോഗിച്ച് ഊഹക്കച്ചവടം നടത്താൻ കഴിയില്ലെന്നും തോമസ് ഐസക് വ്യക്തമാക്കി.
കിഫ്ബി സിഇഒയുടെ വിശദീകരണം
ഇഡി നോട്ടീസിൽ പറയുന്നത് തെറ്റായ കാര്യങ്ങളാണെന്ന് കിഫ്ബി സിഇഒ കെ എം എബ്രഹാമും പ്രതികരിച്ചു. ഏത് പരിശോധനയ്ക്കും തയ്യാറാണെന്നും മറയ്ക്കാനോ ഒളിക്കാനോ ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഫെമ നിയമം അടക്കം ഒരു നിയമവും ലംഘിച്ചിട്ടില്ലെന്നും മസാല ബോണ്ട് വരുമാനം നിയമപരമായി മാത്രമേ വിനിയോഗിച്ചിട്ടുള്ളൂവെന്നും കെ എം എബ്രഹാം വ്യക്തമാക്കി.
കാരണം കാണിക്കൽ നോട്ടീസ്
കിഫ്ബി മസാല ബോണ്ട് കേസിൽ ശനിയാഴ്ചയാണ് മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ധനമന്ത്രി തോമസ് ഐസക്ക്, കിഫ്ബി ഉദ്യോഗസ്ഥർ എന്നിവർക്ക് ഇഡി കാരണം കാണിക്കൽ നോട്ടീസ് അയച്ചത്.
മസാല ബോണ്ട് വഴി സമാഹരിച്ച പണം അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് വിനിയോഗിച്ചത് ചട്ടലംഘനമാണെന്ന് ഇഡി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ്. ഇഡി അന്വേഷണത്തിൽ ഫെമ ചട്ടലംഘനം കണ്ടെത്തിയിരുന്നു.
ഇതുമായി ബന്ധപ്പെട്ട അന്തിമ റിപ്പോർട്ട് മൂന്ന് മാസം മുമ്പ് ചെന്നൈയിലെ അഡ്ജുഡിക്കേറ്റിംഗ് അതോറിറ്റിക്ക് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിന്റെ തുടർച്ചയായാണ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ് നൽകിയത്. കിഫ്ബി ഹാജരാക്കിയ രേഖകൾ പരിശോധിച്ചാണ് ഇഡിയുടെ നിർണായക നീക്കം.




















































