വടകര I ഡിസംബർ 19, 2025
വടകര: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി ഉൾപ്പെടെയുള്ളവർക്ക് ജയിലിൽ വഴിവിട്ട സൗകര്യങ്ങൾ ഒരുക്കാൻ കൈക്കൂലി വാങ്ങിയ ജയിൽ ഡി.ഐ.ജിക്കെതിരെ വിജിലൻസ് കേസെടുത്ത സംഭവത്തിൽ രൂക്ഷവിമർശനവുമായി കെ.കെ. രമ എം.എൽ.എ. കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കൊടി സുനിക്കും സംഘത്തിനും ഉന്നത ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകാൻ മാത്രമുള്ള പണം എവിടെ നിന്നാണ് ലഭിക്കുന്നതെന്ന് രമ ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അവരുടെ പ്രതികരണം.
ഗുരുതരമായ അഴിമതി
ജയിൽ ആസ്ഥാനത്തെ ഡി.ഐ.ജി എം.കെ. വിനോദ് കുമാറിനെതിരെയാണ് വിജിലൻസ് കേസെടുത്തിരിക്കുന്നത്. പണം വാങ്ങി പരോൾ അനുവദിക്കാനും ജയിലിനുള്ളിൽ ആഡംബര സൗകര്യങ്ങൾ ഒരുക്കാനും ഇയാൾ കൂട്ടുനിന്നതായി വിജിലൻസ് കണ്ടെത്തിയിരുന്നു. കൊടി സുനിയുടെ ബന്ധുവിൽ നിന്നും പണം വാങ്ങിയെന്ന കണ്ടെത്തൽ ഞെട്ടിക്കുന്നതാണെന്ന് രമ പറഞ്ഞു. രാഷ്ട്രീയ കൊലക്കേസ് പ്രതികൾക്കും ലഹരി മാഫിയകൾക്കും വേണ്ടി ഡി.ഐ.ജി അനുകൂല റിപ്പോർട്ടുകൾ ചമച്ചതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
ഗൂഗിൾ പേ വഴി പണമിടപാട്
ഗൂഗിൾ പേ വഴിയും ഇടനിലക്കാർ വഴിയുമാണ് ഡി.ഐ.ജി കൈക്കൂലി വാങ്ങിയിരുന്നത്. വിയ്യൂർ ജയിലിൽ നിന്നും വിരമിച്ച ഒരു ഉദ്യോഗസ്ഥനായിരുന്നു ഈ ഇടപാടുകൾക്ക് ചുക്കാൻ പിടിച്ചിരുന്നത്. 12 തടവുകാരുടെ ബന്ധുക്കളിൽ നിന്ന് ഇത്തരത്തിൽ വിനോദ് കുമാർ പണം തട്ടിയതായി വിജിലൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് കണ്ടെത്തി. സംഭവത്തെത്തുടർന്ന് വിനോദ് കുമാറിനെ ഉടൻ സസ്പെൻഡ് ചെയ്തേക്കും.
ജയിലിലെ കുറ്റവാളികൾക്ക് പുറത്തുനിന്നും വൻതോതിൽ സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടെന്നും ഇത് ആസൂത്രിതമായ നീക്കമാണെന്നും കെ.കെ. രമ ആരോപിച്ചു. കുറ്റവാളികളും ജയിൽ ഉദ്യോഗസ്ഥരും തമ്മിലുള്ള ഈ അവിശുദ്ധ കൂട്ടുകെട്ടിനെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും അവർ ആവശ്യപ്പെട്ടു.
Content Highlight: K K Rema MLA questions the financial source of convict Kodi Suni after a bribery case was registered against Jail DIG MK Vinod Kumar for providing illegal facilities in prison.




















































