തിരുവനന്തപുരം I ഡിസംബർ 30, 2025
തിരുവനന്തപുരം: ടിക്കറ്റ് തുക നൽകാൻ വൈകിയതിന്റെ പേരിൽ രോഗബാധിതയായ യുവതിയെ രാത്രിയിൽ വിജനമായ സ്ഥലത്ത് ഇറക്കിവിട്ട കെഎസ്ആർടിസി കണ്ടക്ടറെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. വെള്ളറട ഡിപ്പോയിലെ എം-പാനൽ കണ്ടക്ടറും നെല്ലിമൂട് സ്വദേശിയുമായ സി. അനിൽകുമാറിനെതിരെയാണ് നടപടി. വെള്ളറട സ്വദേശിനി എസ്. ദിവ്യ നൽകിയ പരാതിയിന്മേൽ കെഎസ്ആർടിസി വിജിലൻസ് നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് നടപടി.
സംഭവം ഇങ്ങനെ:
കുന്നത്തുകാൽ കൂനമ്പനയിലെ ക്ലിനിക്കിലെ ജീവനക്കാരിയായ ദിവ്യ, വെള്ളിയാഴ്ച രാത്രി ജോലി കഴിഞ്ഞ് ഡോക്ടറെ കണ്ട് മരുന്ന് വാങ്ങിയ ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ബസ്സിൽ കയറിയപ്പോൾ പേഴ്‌സ് കൈവശമില്ലെന്ന് ശ്രദ്ധയിൽപ്പെട്ട ദിവ്യ ഗൂഗിൾ പേ വഴി പണം നൽകാൻ ശ്രമിച്ചു. എന്നാൽ മൊബൈൽ റേഞ്ച് കുറവായതിനാൽ പണം കൈമാറാൻ കാലതാമസമടുത്തു. വെള്ളറട എത്തുമ്പോൾ പണം നൽകാമെന്ന് പറഞ്ഞിട്ടും കണ്ടക്ടർ സമ്മതിച്ചില്ലെന്ന് പരാതിയിൽ പറയുന്നു.
യുവതിയെ പരസ്യമായി അധിക്ഷേപിച്ച കണ്ടക്ടർ, രാത്രി 9.10-ഓടെ തോലടിക്ക് സമീപമുള്ള ആളൊഴിഞ്ഞ പ്രദേശത്ത് നിർബന്ധപൂർവ്വം ഇറക്കിവിടുകയായിരുന്നു. തുടർന്ന് ഭർത്താവിനെ വിവരമറിയിച്ച ദിവ്യയെ, വീട്ടിൽ ചെറിയ കുട്ടികളെ തനിച്ചാക്കി അദ്ദേഹം ബൈക്കിലെത്തിയാണ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത്.
കണ്ടക്ടറുടെ വാദം:
എന്നാൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ അനിൽകുമാർ നിഷേധിച്ചു. സംഭവദിവസം താൻ സർവീസ് നടത്തിയ ബസ് കൂനമ്പന വഴി പോയിട്ടില്ലെന്നാണ് കണ്ടക്ടറുടെ വിശദീകരണം. എന്നാൽ കെഎസ്ആർടിസി വിജിലൻസ് വിഭാഗം നടത്തിയ വിശദമായ അന്വേഷണത്തിൽ പരാതിയിൽ സത്യമുണ്ടെന്ന് ബോധ്യപ്പെട്ടതിനെത്തുടർന്ന് ഇയാളെ സേവനത്തിൽ നിന്ന് ഒഴിവാക്കാൻ എടിഒ ഉത്തരവിടുകയായിരുന്നു.
Content Highlight: An M-panel KSRTC conductor from Vellarada depot was dismissed after a woman complained of being forced off the bus at night over a delay in UPI payment for her ticket. Vigilance probe confirmed the incident.




















































