തിരുവനന്തപുരം | 21, ജനുവരി | 2026
കെഎസ്ആർടിസി ജീവനക്കാരോടുള്ള സർക്കാരിന്റെ അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ബിഎംഎസിന്റെ നേതൃത്വത്തിൽ ഗതാഗത മന്ത്രിയുടെ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. “നയാ പൈസ ഡിഎ ഇല്ലാത്ത ഞങ്ങൾക്കും ജീവിക്കണം; ക്ഷാമബത്ത ഔദാര്യമല്ല, അവകാശമാണ്” എന്ന മുദ്രാവാക്യമുയർത്തി കെഎസ്ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ചീഫ് ഓഫീസിൽ നിന്ന് ആരംഭിച്ച മാർച്ച് ബിഎംഎസ് ദക്ഷിണ ക്ഷേത്രീയ സഹ സംഘടനാ സെക്രട്ടറി എം.പി രാജീവൻ ഉദ്ഘാടനം ചെയ്തു.
പ്രതിപക്ഷത്തിരുന്നപ്പോൾ അവകാശ സമരങ്ങൾ ഉദ്ഘാടനം ചെയ്ത പിണറായി വിജയൻ മുഖ്യമന്ത്രിയായപ്പോൾ ശമ്പളവും ഡിഎയും സർക്കാരിന്റെ ഔദാര്യമാണെന്ന് പറയുന്നത് വഞ്ചനയാണെന്ന് എം.പി രാജീവൻ കുറ്റപ്പെടുത്തി. വിലക്കയറ്റത്തിൽ പൊറുതിമുട്ടുമ്പോഴും പൂജ്യം ശതമാനം ഡിഎയുമായി ജീവനക്കാർക്ക് എത്രകാലം മുന്നോട്ടുപോകാൻ കഴിയുമെന്നും അദ്ദേഹം ചോദിച്ചു. കടം കയറി ജീവനക്കാർ ആത്മഹത്യ ചെയ്യുമ്പോഴും സർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണ്. പങ്കാളിത്ത പെൻഷൻ കുടിശ്ശിക 450 കോടിയായതോടെ വിരമിച്ചവർക്ക് പെൻഷൻ ലഭിക്കാത്ത സാഹചര്യമാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് പെൻഷൻ നൽകുമ്പോൾ മുപ്പതു വർഷം ജോലി ചെയ്യുന്നവർക്ക് അത് നിഷേധിക്കുന്നത് മാടമ്പിത്തരമാണെന്നും രാജീവൻ പറഞ്ഞു. പുതിയ ബസുകൾ വാങ്ങാതെ പഴയവയുടെ കാലാവധി നീട്ടി യാത്രക്കാരുടെ ജീവൻ വച്ച് സർക്കാർ പന്താടുകയാണ്. പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം ഉണ്ടായില്ലെങ്കിൽ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് പ്രതിഷേധം വ്യാപിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് സി. ഹരീഷ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി എസ്. അജയകുമാർ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ പങ്കെടുത്തു.
Content Highlights: BMS march to Transport Minister’s office, KSRTC employees protest against DA delay and participatory pension, MP Rajeevan warns Pinarayi Vijayan govt.




















































