മലപ്പുറം | 24, ജനുവരി | 2026
മലപ്പുറം: ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റി നൽകിയ സമ്മാനപ്പൊതിയിൽ ഈന്തപ്പഴമായിരുന്നുവെന്ന അടൂർ പ്രകാശ് എംപിയുടെ വിശദീകരണത്തെ പരിഹസിച്ച് കെ.ടി. ജലീൽ എംഎൽഎ. അടൂർ പ്രകാശിന് ലഭിച്ച പൊതിയിൽ ഈന്തപ്പഴം മാത്രമല്ല, ഒന്നുകൂടി നോക്കിയാൽ സംസം വെള്ളത്തിന്റെ കുപ്പി കൂടി കാണാൻ സാധ്യതയുണ്ടെന്ന് ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.
ഉണ്ണിക്കൃഷ്ണൻ പോറ്റി ഉംറ കഴിഞ്ഞ് മടങ്ങിവന്ന മുസ്ലിം ലീഗ് നേതാക്കളെ കണ്ട് മടങ്ങുന്ന വഴിക്കാണോ യുഡിഎഫ് കൺവീനറെ കണ്ടതെന്ന് ജലീൽ ചോദിച്ചു. അവിടെ നിന്ന് ലഭിച്ച പൊതി അബദ്ധത്തിൽ അടൂർ പ്രകാശിന് നൽകിയതാണോ എന്ന് അന്വേഷിക്കുന്നത് നന്നാകുമെന്നും അദ്ദേഹം പരിഹസിച്ചു.
ബെംഗളൂരുവിൽ വെച്ച് പോറ്റിയെ കണ്ടപ്പോൾ നൽകിയ കവറിൽ ഈന്തപ്പഴവും മറ്റ് ചെറിയ സാധനങ്ങളുമായിരുന്നുവെന്നും അത് അപ്പോൾ തന്നെ അവിടെയുള്ളവർക്ക് നൽകിയെന്നുമായിരുന്നു അടൂർ പ്രകാശിന്റെ വിശദീകരണം. പോറ്റിയുടെ സഹോദരിയുടെ മകളുടെ ചടങ്ങിലേക്കുള്ള ക്ഷണക്കത്തും അതിലുണ്ടായിരുന്നു. എന്നാൽ ഈ വിശദീകരണത്തെ രാഷ്ട്രീയ ആയുധമാക്കുകയാണ് കെ.ടി. ജലീൽ. ശബരിമല കൊള്ളക്കാരനിൽ നിന്ന് യുഡിഎഫ് കൺവീനർ സമ്മാനങ്ങൾ കൈപ്പറ്റിയത് ഗൗരവകരമായ കാര്യമാണെന്നും ജലീൽ കൂട്ടിച്ചേർത്തു.
Content Highlights
MLA KT Jaleel mocks Adoor Prakash’s explanation regarding the gift from gold theft accused Unnikrishnan Potti.
Jaleel suggests the gift might have included ‘Zamzam water’ along with dates, hinting at links with League leaders.
Questions whether Potti met Adoor Prakash while returning from a meeting with Muslim League leaders.
Adoor Prakash had earlier claimed the gift received in Bengaluru only contained dates and an invitation.
The verbal spat intensifies as political leaders react to the newly surfaced visuals of the MP with the accused.




















































