ഒട്ടാവ I ഡിസംബർ 30, 2025
ന്യൂഡൽഹി: കാനഡയിൽ കുട്ടികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ മലയാളി പുരോഹിതൻ അറസ്റ്റിലായി. കോഴിക്കോട് സ്വദേശിയും താമരശ്ശേരി രൂപതാംഗവുമായ ഫാദർ ജെയിംസ് ചേരിക്കലാണ് പിടിയിലായത്. സംഭവത്തിൽ കാനഡ പോലീസ് അന്വേഷണം ആരംഭിച്ചു.
ശുശ്രൂഷകളിൽ നിന്ന് പുറത്താക്കി
അറസ്റ്റിന് പിന്നാലെ ജെയിംസ് ചേരിക്കലിനെ പാസ്റ്ററൽ ശുശ്രൂഷകളിൽ നിന്ന് സഭ പുറത്താക്കി. ഇയാൾ സേവനമനുഷ്ഠിച്ചിരുന്ന സെന്റ് ജെറോംസ് പള്ളിയിൽ ഡിസംബർ 25 മുതൽ ജനുവരി 3 വരെയുള്ള വിശുദ്ധ കുർബാന ഉൾപ്പെടെയുള്ള തിരുക്കർമ്മങ്ങൾ റദ്ദാക്കി. 1997 മുതൽ അതിരൂപതയുടെ കീഴിലുള്ള വിവിധ ഇടവകകളിൽ ഇയാൾ പ്രവർത്തിച്ചിരുന്നു.
പ്രവർത്തനം സീറോ മലബാർ മിഷനിലും
കഴിഞ്ഞ വർഷമാണ് ബ്രാംപ്ടണിലെ സെന്റ് ജെറോംസ് പള്ളിയിലേക്ക് ഇയാൾ ചുമതലയേറ്റത്. കേരളത്തിൽ നിന്നുള്ള കത്തോലിക്കാ കുടിയേറ്റക്കാർക്കായി കാനഡയിൽ പ്രവർത്തിക്കുന്ന സീറോ മലബാർ മിഷനിലും ഇയാൾ സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളിലെ വൈദിക ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി കേരളത്തിൽ നിന്ന് നിരവധി വൈദികർ കാനഡ, യുകെ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് പോകാറുണ്ട്. ഇത്തരത്തിൽ സീറോ മലബാർ സഭയുടെ പള്ളികളിൽ പ്രവർത്തിച്ചു വരികയായിരുന്നു ഇയാൾ.
ഗുരുതരമായ ആരോപണമാണ് വൈദികനെതിരെ ഉയർന്നിട്ടുള്ളതെന്നും നിയമനടപടികളോട് സഹകരിക്കുമെന്നും സഭാ വൃത്തങ്ങൾ അറിയിച്ചു.
Content Highlight: Father James Cherikkal, a Malayali priest from the Thamarassery Diocese, has been arrested in Canada for alleged sexual offences against children. The church has removed him from pastoral ministry following the arrest.




















































