ന്യൂഡൽഹി | 29, ഡിസംബർ | 2025
ആർഎസ്എസിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് എംപി മാണിക്കം ടാഗോർ രംഗത്തെത്തി. ആർഎസ്എസും അൽഖ്വയ്ദയും ഒരുപോലെയാണെന്നും രണ്ട് കൂട്ടരും വെറുപ്പ് പ്രചരിപ്പിക്കുകയാണെന്നും മാണിക്കം ടാഗോർ പറഞ്ഞു. വെറുപ്പ് പ്രചരിപ്പിക്കുന്നവരിൽ നിന്ന് ഒന്നും പഠിക്കാനില്ലെന്നും മാണിക്കം ടാഗോർ വ്യക്തമാക്കി.
ആർഎസ്എസ് വെറുപ്പിന്റെ സംഘടന
“ആർഎസ്എസ് വെറുപ്പിന്റെ അടിസ്ഥാനത്തിൽ കെട്ടിപ്പടുത്ത സംഘടനയാണ്. ആർഎസ്എസ് വെറുപ്പ് പ്രചരിപ്പിക്കുകയാണ്. വെറുപ്പിൽ നിന്ന് ഒന്നും പഠിക്കാനില്ല. അതേ പോലെയാണ് അൽഖ്വയ്ദയും. ആ സംഘടനയിൽ നിന്ന് എന്തെങ്കിലും പഠിക്കാൻ സാധിക്കുമോ? അൽഖ്വയ്ദയും വെറുപ്പിന്റെ സംഘടനയാണ്. ആ സംഘടനയിൽ നിന്നും പഠിക്കാൻ ഒന്നുമില്ല,” മാണിക്കം ടാഗോർ കൂട്ടിച്ചേർത്തു.
ആർഎസ്എസിന്റെ സംഘടനാ സംവിധാനത്തെ പുകഴ്ത്തി കോൺഗ്രസ് മുതിർന്ന നേതാവും രാജ്യസഭാംഗവുമായ ദിഗ്‌വിജയ് സിങ് രംഗത്തെത്തിയത് കോൺഗ്രസിനെ വെട്ടിലാക്കിയിരുന്നു. ഇതിനിടെയാണ് ആർഎസ്എസിനെ രൂക്ഷഭാഷയിൽ വിമർശിച്ച് മാണിക്കം ടാഗോർ രംഗത്തെത്തിയത്.
ബിജെപി വിമർശനം
മാണിക്കം ടാഗോറിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി വക്താവ് ഷഹ്‌സാദ് പൂനാവാല രംഗത്തെത്തി. വോട്ട് ബാങ്ക് ലക്ഷ്യംവെച്ചുള്ള യാത്രയിൽ കോൺഗ്രസിന് സമനില തെറ്റിയതായി ഷഹ്‌സാദ് പൂനാവാല പറഞ്ഞു.
“ഹിന്ദുക്കളെയും സനാതനത്തെയും ഭാരതത്തെയും അപമാനിച്ചതിന് ശേഷം കോൺഗ്രസ് ഒരു ദേശീയ സംഘടനയെയും ലക്ഷ്യമിടുകയാണ്. കഴിഞ്ഞ നൂറ് വർഷമായി ദേശീയ സമർപ്പണത്തിനായി പ്രവർത്തിച്ച ഒരു സംഘടനയെയാണ് അവർ ഭീകരരെന്ന് പറയുന്നത്,” ഷഹ്‌സാദ് പൂനാവാല പറഞ്ഞു.
ദിഗ്‌വിജയ് സിങ് വിവാദം
ആർഎസ്എസിന്റെ സംഘടനാ സംവിധാനത്തെ പുകഴ്ത്തിക്കൊണ്ടുള്ള ദിഗ്‌വിജയ് സിങിന്റെ പ്രസ്താവന വലിയ വിവാദമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി നേതാവ് എൽ കെ അദ്വാനിയും അടക്കമുള്ളവർ ഒരുമിച്ചിരിക്കുന്ന ചിത്രം പങ്കുവെച്ചായിരുന്നു ദിഗ്‌വിജയ് സിങിന്റെ പുകഴ്ത്തൽ. സ്വയംസേവകരും പ്രവർത്തകരും നേതാക്കളുടെ കാൽക്കൽ തറയിൽ ഇരുന്ന് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയും രാജ്യത്തിന്റെ പ്രധാനമന്ത്രിയുമായി മാറുന്ന രീതി സംഘടനയുടെ ശക്തിയാണെന്നായിരുന്നു ദിഗ്‌വിജയ് സിങ് എക്സിൽ കുറിച്ചത്.
സംഭവം വിവാദമായതോടെ നിലപാട് മാറ്റി ദിഗ്‌വിജയ് സിങ് രംഗത്തെത്തിയിരുന്നു. കോൺഗ്രസ് ഒറ്റക്കെട്ടാണെന്നും ഗാന്ധി കുടുംബം രക്തസാക്ഷികളുടെ കുടുംബമാണെന്നും ദിഗ്‌വിജയ് സിങ് വ്യക്തമാക്കി. ഗാന്ധി കുടുംബത്തിൽ ഭിന്നത വിതയ്ക്കാനുള്ള ബിജെപി ശ്രമത്തെ ശക്തമായി അപലപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Content Highlights: Congress MP Manickam Tagore compares RSS to Al-Qaeda, says both spread hatred, BJP spokesperson Shahzad Poonawala criticizes statement, comes after Digvijaya Singh praised RSS organizational structure, Congress in damage control mode, BJP




















































