ലണ്ടൻ | ഡിസംബർ 31, 2025
ലണ്ടൻ: ഇന്ത്യൻ ടെസ്റ്റ് ടീം തുടർച്ചയായ പരാജയങ്ങൾ നേരിടുന്ന പശ്ചാത്തലത്തിൽ മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിനെതിരെ രൂക്ഷമായ പരിഹാസവുമായി മുൻ ഇംഗ്ലണ്ട് സ്പിന്നർ മോണ്ടി പനേസർ. ഗംഭീർ ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കുന്നതിന് മുൻപ് രഞ്ജി ട്രോഫി ടീമുകളെ പരിശീലിപ്പിച്ച് കഴിവ് തെളിയിക്കണമായിരുന്നു എന്ന് പനേസർ അഭിപ്രായപ്പെട്ടു. വാർത്താ ഏജൻസിയായ എ.എൻ.ഐയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
റെഡ് ബോളിൽ പതറി ഗംഭീർ
പരിമിത ഓവർ ക്രിക്കറ്റിൽ ഗംഭീർ മികച്ച പരിശീലകനാണെന്നതിൽ തർക്കമില്ലെന്ന് പനേസർ പറഞ്ഞു. ഐ.പി.എല്ലിൽ അദ്ദേഹം അത് തെളിയിച്ചതാണ്. എന്നാൽ ടെസ്റ്റ് ക്രിക്കറ്റ് തികച്ചും വ്യത്യസ്തമാണെന്നും റെഡ് ബോൾ ക്രിക്കറ്റിൽ ഒരു ടീമിനെ എങ്ങനെ സജ്ജമാക്കണം എന്നതിനെക്കുറിച്ച് ഗംഭീറിന് വലിയ ധാരണയില്ലെന്നും പനേസർ വിമർശിച്ചു. “രഞ്ജി ട്രോഫിയിൽ ടീമുകളെ പരിശീലിപ്പിക്കുന്നവരുമായി സംസാരിക്കുന്നത് ഗംഭീറിന് ഗുണം ചെയ്യും. റെഡ് ബോൾ ക്രിക്കറ്റിൽ എങ്ങനെ തന്ത്രങ്ങൾ മെനയണമെന്ന് അദ്ദേഹം അവിടെ നിന്ന് പഠിക്കട്ടെ,” പനേസർ പരിഹസിച്ചു.
ഇന്ത്യൻ ടീം ദുർബലമെന്ന് നിരീക്ഷണം
നിലവിൽ ഇന്ത്യൻ ടെസ്റ്റ് ടീം അതീവ ദുർബലമാണെന്നതാണ് യാഥാർത്ഥ്യമെന്ന് പനേസർ ചൂണ്ടിക്കാട്ടി. സീനിയർ താരങ്ങളുടെ വിരമിക്കലും ഫോമില്ലായ്മയും ടീമിനെ ബാധിച്ചിട്ടുണ്ട്. വലിയ താരങ്ങൾ പടിയിറങ്ങുമ്പോൾ പകരം കളിക്കാരെ വാർത്തെടുക്കുന്നതിൽ ഗംഭീർ പരാജയപ്പെടുകയാണെന്നും പനേസർ കൂട്ടിച്ചേർത്തു. ഗംഭീർ ചുമതലയേറ്റ ശേഷം സ്വന്തം മണ്ണിൽ പോലും ടെസ്റ്റ് മത്സരങ്ങൾ തോൽക്കുന്ന അവസ്ഥയിലേക്ക് ഇന്ത്യ എത്തിയതിനെതിരെ ആരാധകർക്കിടയിലും വലിയ പ്രതിഷേധം ഉയരുന്നുണ്ട്.
Content Highlight: Former England spinner Monty Panesar criticized Indian head coach Gautam Gambhir, suggesting he should have coached a Ranji Trophy team before taking up the national role. Panesar noted that while Gambhir excels in white-ball cricket, he struggles with red-ball strategies, making the Indian Test side look vulnerable.




















































