കൊച്ചി | 01, ജനുവരി | 2026
എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ തള്ളി സിപിഐഎം. വെള്ളാപ്പള്ളി നടേശന്റെ സിപിഐ, മലപ്പുറം പരാമർശങ്ങളെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തള്ളി. വെള്ളാപ്പള്ളി നടേശനെ നിയന്ത്രിക്കാനുള്ള ഉത്തരവാദിത്വവും ബാധ്യതയും സിപിഐഎമ്മിനില്ലെന്ന് എം വി ഗോവിന്ദൻ വ്യക്തമാക്കി.
വെള്ളാപ്പള്ളി പറയുന്ന നല്ല കാര്യങ്ങൾ അംഗീകരിക്കുമെന്നും തെറ്റായത് അംഗീകരിക്കില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു. മലയാളത്തിലെ പ്രമുഖ ടിവി ചാനലിൽ സംപ്രേഷണം ചെയ്ത അഭിമുഖത്തിലാണ് പ്രതികരണം.
സിപിഐ ‘ചതിയൻ ചന്തു’ ആണെന്ന വെള്ളാപ്പള്ളി നടേശന്റെ പരാമർശത്തെ അംഗീകരിക്കുമോയെന്ന ചോദ്യത്തോട് സിപിഐയും സിപിഐഎമ്മും തമ്മിലാണ് ഏറ്റവും വലിയ ബന്ധമുള്ളതെന്ന് എം വി ഗോവിന്ദൻ മറുപടി നൽകി. അതിനെതിരായ തെറ്റായ ഒരു പ്രവണതയും പ്രചാരവേലയും തങ്ങൾ ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്നും അനുകൂലമായ നിലപാട് സ്വീകരിക്കില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
“ഇടതുപക്ഷ ജനാധിപത്യമുന്നണിയിലെ പ്രധാനപ്പെട്ട പാർട്ടികൾ സിപിഐഎമ്മും സിപിഐയുമാണ്. അതിനെ കലുഷിതമായ രീതിയിലുള്ള എന്തെങ്കിലും പ്രയോഗങ്ങളും വാക്കുകളും കൊണ്ട് പരസ്പരം അങ്ങോട്ടുമിങ്ങോട്ടും മാറ്റുന്ന ഒരു ശ്രമത്തിനും യോജിപ്പില്ല,” എം വി ഗോവിന്ദൻ പറഞ്ഞു.
വെള്ളാപ്പള്ളിയുടെ മലപ്പുറം പരാമർശത്തെയും തള്ളി എം വി ഗോവിന്ദൻ രംഗത്തെത്തി. ഒരു പ്രദേശത്തേയോ ജനതയേയോ വർഗീയമായി ചിത്രീകരിക്കുന്ന നിലപാടിനോട് വെള്ളാപ്പള്ളിയായാലും യോജിപ്പില്ലെന്നായിരുന്നു എം വി ഗോവിന്ദന്റെ പ്രതികരണം.
എൽഡിഎഫിൽ നിന്ന് മുസ്ലിം സമൂഹം പൂർണമായും ഒഴിഞ്ഞുപോയിരിക്കുകയാണെന്ന നിലപാടിനോട് തങ്ങൾക്ക് യോജിപ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“എൽഡിഎഫിന് എതിരായി മുസ്ലിം ഏകീകരണം വന്നെന്ന ഒരു നിലപാടും ഞങ്ങൾക്കില്ല. എൽഡിഎഫിന് വോട്ട് ചെയ്യുന്ന വലിയ മുസ്ലിം സമൂഹം ഇത്തവണയും വോട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ജമാഅത്തെ ഇസ്ലാമിയും മുസ്ലിം ലീഗും വർഗീയ ധ്രുവീകരണത്തിന് വേണ്ടിയുള്ള ഫലപ്രദമായ ഇടപെടൽ നടത്തി. ജമാഅത്തെ ഇസ്ലാമിയും മുസ്ലിം ലീഗും കോൺഗ്രസും അതിനൊപ്പം ചേർന്ന് മാധ്യമങ്ങളും നടത്തിയത് കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രചാരവേലയാണ്. ഞങ്ങൾക്ക് സംഘടനാപരമായ രീതിയിൽ പ്രതിരോധിക്കാൻ ശേഷിയുള്ള സ്ഥലങ്ങളിൽ അത് പ്രതിരോധിച്ചു. അല്ലാത്ത സ്ഥലങ്ങളിൽ ചില പ്രശ്നങ്ങളുണ്ടായിട്ടുണ്ടെന്ന് കണ്ടു,” എം വി ഗോവിന്ദൻ പറഞ്ഞു.
മതപരിവർത്തനം ആരോപിച്ച് മലയാളി പുരോഹിതനെ അറസ്റ്റ് ചെയ്ത സംഭവത്തിലും എം വി ഗോവിന്ദൻ പ്രതികരിച്ചു. ഇന്ത്യയിലാകെ വർഗീയ ധ്രുവീകരണശ്രമത്തിന്റെ ഭാഗമായി വിഷം കുത്തിയിറക്കി ജനങ്ങളെ ഛിന്നഭിന്നമാക്കുന്നതിന് വേണ്ടിയുള്ള ബോധപൂർവമുള്ള പ്രവർത്തനങ്ങൾ സംഘപരിവാർ ഭരണകൂട സംവിധാനത്തെ ഉപയോഗിച്ച് നടത്തുന്നു. വർഗീയ കലാപത്തിലേക്കോ സംഘർഷത്തിലേക്കോ സംഘപരിവാറിന് എത്തിക്കാൻ കഴിയാതിരുന്ന ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട സംസ്ഥാനം കേരളമാണെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല സ്വർണക്കൊള്ള കേസിൽ കൃത്യമായ അന്വേഷണം നടക്കുമെന്നും എസ്ഐടി അന്വേഷണത്തിന് സിപിഐഎം പിന്തുണക്കുന്നുവെന്നും എം വി ഗോവിന്ദൻ പറഞ്ഞു. “അയ്യപ്പന്റെ ഒരു തരി സ്വർണം നഷ്ടമാകരുത്. ആരാണ് ഉത്തരവാദി അവരെ നിയമത്തിന് മുമ്പിൽ കൊണ്ടുവരണം. ഉത്തരവാദി ആരായാലും അവരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം പാർട്ടിക്കോ സർക്കാരിനോ ഇല്ല,” എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
Content Highlights
MV Govindan rejects Vellappally Natesan’s remarks on CPI and Malappuram
CPM has no responsibility to control Vellappally’s statements
Closest relationship is between CPM and CPI
Rejects communal portrayal of any region or community
Denies Muslim consolidation against LDF
Supports SIT probe in Sabarimala gold heist case




















































