തിരുവനന്തപുരം | 21, ജനുവരി | 2026
ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധം നിഷേധിച്ച മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ പ്രതിരോധത്തിലാക്കി അയൽവാസിയുടെ വെളിപ്പെടുത്തൽ. മന്ത്രിയായിരിക്കെ കടകംപള്ളി സുരേന്ദ്രൻ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ രണ്ടുതവണ വന്നിട്ടുണ്ടെന്ന് അയൽവാസിയായ വിക്രമൻ നായർ മാധ്യമങ്ങളോട് പറഞ്ഞു. പോറ്റിയെ ശബരിമല സന്നിധാനത്ത് വെച്ചല്ലാതെ കണ്ടിട്ടില്ലെന്ന കടകംപള്ളിയുടെ മൊഴിയാണ് ഇതോടെ ചോദ്യം ചെയ്യപ്പെടുന്നത്.
ആദ്യതവണ വന്നപ്പോൾ മന്ത്രി വേഗത്തിൽ മടങ്ങിയെന്നും എന്നാൽ രണ്ടാം തവണ വന്നപ്പോൾ വീട്ടിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ചാണ് പോയതെന്നും വിക്രമൻ നായർ വ്യക്തമാക്കി. ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നിന്ന് രേഖകൾ പിടിച്ചെടുത്തപ്പോൾ മഹസർ സാക്ഷിയായിരുന്ന വ്യക്തിയാണ് വിക്രമൻ നായർ. ഉണ്ണികൃഷ്ണൻ പോറ്റിയെ ഭക്തനെന്ന നിലയിലും സ്പോൺസർ എന്ന നിലയിലും മാത്രമേ അറിയാവൂ എന്നായിരുന്നു കടകംപള്ളി സുരേന്ദ്രൻ പ്രത്യേക അന്വേഷണ സംഘത്തിന് (SIT) നൽകിയ മൊഴി.
അതേസമയം, കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. സ്വർണ്ണക്കവർച്ചയിലൂടെ പോറ്റി വൻതോതിൽ സ്വത്ത് സമ്പാദിച്ചതായും ഇതിനായി ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ കൂട്ടുനിന്നതായും ഇഡി കണ്ടെത്തി. സ്മാർട്ട് ക്രിയേഷൻസ്, ഗോവർദ്ധൻ എന്നീ സ്ഥാപനങ്ങളുമായി നടന്ന ഇടപാടുകളിലും ദുരൂഹതയുണ്ടെന്നാണ് പ്രാഥമിക നിഗമനം. പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികളിലേക്ക് ഇഡി നീങ്ങുകയാണ്.
Content Highlights: Neighbor reveals Kadakampally Surendran’s visits to Unnikrishnan Potti’s house, Sabarimala gold theft case investigation, ED raid updates.




















































