ചെന്നൈ I ഡിസംബർ 29, 2025
ചെന്നൈ: വിയ്യൂർ സെൻട്രൽ ജയിലിന് മുന്നിൽ നിന്ന് പോലീസ് സംഘത്തെ വെട്ടിച്ച് രക്ഷപ്പെട്ട കൊടുംകുറ്റവാളി ബാലമുരുകൻ തമിഴ്നാട്ടിൽ പിടിയിലായി. തെങ്കാശിക്ക് സമീപം ഊത്തുമലൈ എന്ന സ്ഥലത്തുനിന്നാണ് ഇയാളെ തമിഴ്നാട് പോലീസ് പിടികൂടിയത്. വാഹനപരിശോധനയ്ക്കിടെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ബാലമുരുകനെ പോലീസ് തടയുകയായിരുന്നു. തെങ്കാശി കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
സിനിമയെ വെല്ലുന്ന രക്ഷപ്പെടൽ:
അഞ്ച് കൊലപാതകങ്ങൾ ഉൾപ്പെടെ 53 ഓളം ക്രിമിനൽ കേസുകളിൽ പ്രതിയായ ബാലമുരുകൻ നവംബർ രണ്ടിനാണ് വിയ്യൂർ ജയിൽ കവാടത്തിൽ വെച്ച് രക്ഷപ്പെട്ടത്. തമിഴ്നാട്ടിലെ ബന്തക്കുടിയിലുള്ള ഒരു കേസിൽ കോടതിയിൽ ഹാജരാക്കിയ ശേഷം തിരികെ വിയ്യൂർ ജയിലിലേക്ക് എത്തിച്ചപ്പോഴായിരുന്നു സംഭവം. മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ട് പുറത്തിറങ്ങിയ ബാലമുരുകൻ കൂടെയുണ്ടായിരുന്ന മൂന്ന് പോലീസുകാരെയും തള്ളിവീഴ്ത്തി ഓടി രക്ഷപ്പെടുകയായിരുന്നു.
തിരച്ചിലിനൊടുവിൽ കുടുങ്ങി:
ബാലമുരുകനായി കേരള പോലീസും തമിഴ്നാട് പോലീസും സംയുക്തമായി വ്യാപക തിരച്ചിൽ നടത്തിവരികയായിരുന്നു. ഇതിനിടെ ഡിസംബർ അഞ്ചിന് തെങ്കാശിയിലെ വീട്ടിൽ ഭാര്യയെയും മക്കളെയും കാണാൻ ഇയാൾ എത്തിയെങ്കിലും പോലീസിനെ കണ്ടതോടെ വീണ്ടും വെട്ടിച്ച് കടന്നു. ഒളിവിൽ കഴിയുന്നതിനിടെ ഒടുവിൽ ഊത്തുമലൈയിൽ വെച്ച് നടന്ന വാഹനപരിശോധന പ്രതിക്ക് വിനയാകുകയായിരുന്നു. ഇയാളെ വിട്ടു കിട്ടുന്നതിനായി കേരള പോലീസ് ഉടൻ അപേക്ഷ നൽകും.
Content Highlight: Notorious criminal Balamurukan, who escaped from police custody at Viyyur Central Jail, was caught by Tamil Nadu police near Tenkasi during a vehicle inspection. He is involved in over 53 cases, including five murders.




















































