ധാക്ക | 31, ഡിസംബർ | 2025
ബംഗ്ലാദേശിലെ വിദ്യാർത്ഥി പ്രക്ഷോഭ നേതാവ് ഷരീഫ് ഒസ്മാൻ ഹാദിയെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതികളിൽ ഒരാളായ ഫൈസൽ കരീം മസൂദ് യുഎഇയിലെത്തി. ബംഗ്ലാദേശ് പൊലീസ് ഇന്ത്യയിലേക്ക് കടന്നെന്ന് അവകാശപ്പെട്ട പ്രതിയാണ് ഇപ്പോൾ യുഎഇയിൽ എത്തിയിരിക്കുന്നത്. യുഎഇയിൽ നിന്ന് ഒരു വീഡിയോയും ഇയാൾ പുറത്തുവിട്ടു.
ദുബായിലാണ് നിലവിലുള്ളതെന്ന് വീഡിയോയിൽ ഫൈസൽ കരീം മസൂദ് വ്യക്തമാക്കി. ഒസ്മാൻ ഹാദിയെ താൻ കൊലപ്പെടുത്തിയിട്ടില്ലെന്നും തന്നെയും കുടുംബത്തെയും കേസിൽ കുടുക്കുകയായിരുന്നുവെന്നും ഫൈസൽ കരീം പറയുന്നു. ജീവൻ രക്ഷാർത്ഥമാണ് ദുബായിലേക്ക് വന്നതെന്നും ഇയാൾ അവകാശപ്പെട്ടു.
ഹാദിയുടെ കൊലയ്ക്ക് പിന്നിൽ ജമാഅത്തെ ഇസ്‌ലാമിയാണെന്ന് ഫൈസൽ കരീം ആരോപിച്ചു. ഹാദിയെ വാർത്തെടുത്തതുതന്നെ ജമാഅത്തെ ഇസ്‌ലാമിയാണെന്നും ജമാഅത്ത് പ്രവർത്തകരാണ് ഹാദിയെ കൊലപ്പെടുത്തിയതെന്നും ഇയാൾ പറഞ്ഞു. ഹാദിയുമായി തനിക്ക് ബിസിനസ് പങ്കാളിത്തമുണ്ടായിരുന്നുവെന്നും രാഷ്ട്രീയ പ്രവർത്തനങ്ങൾക്കായി ഹാദിക്ക് ചില ഘട്ടങ്ങളിൽ താൻ സംഭാവന നൽകിയിട്ടുണ്ടെന്നും ഫൈസൽ കരീം വെളിപ്പെടുത്തി.
നേരത്തേ ഒസ്മാൻ ഹാദി വധക്കേസിലെ പ്രധാന പ്രതികളായ ഫൈസൽ കരീം മസൂദും ആലംഗീർ ഷെയ്ഖും ഇന്ത്യയിലേക്ക് കടന്നുവെന്ന അവകാശവാദവുമായി ധാക്ക മെട്രോപോളിറ്റൻ പൊലീസ് രംഗത്തെത്തിയിരുന്നു. മേഘാലയയിലെ ഹാലുഘട്ട് അതിർത്തി വഴി പ്രതികൾ കടന്നതായായിരുന്നു പൊലീസിന്റെ വാദം. പ്രതികൾക്ക് രാജ്യം വിടാൻ പ്രാദേശിക സഹായം ലഭിച്ചിരുന്നുവെന്നും പ്രതികളെ ഇന്ത്യൻ അധികൃതർ കസ്റ്റഡിയിൽ എടുത്തതായി അറിയാൻ കഴിയുന്നതായും ധാക്ക പൊലീസ് വ്യക്തമാക്കിയിരുന്നു.
എന്നാൽ ഈ ആരോപണങ്ങൾ തള്ളി ബിഎസ്എഫും മേഘാലയ പൊലീസും രംഗത്തെത്തിയിരുന്നു. ബംഗ്ലാദേശിന്റെ അവകാശവാദങ്ങൾ അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് മേഘാലയയിലെ ബിഎസ്എഫ് മേധാവി വ്യക്തമാക്കിയിരുന്നു.
ഷെയ്ഖ് ഹസീനയെ അധികാരത്തിൽ നിന്ന് നീക്കിയ പ്രക്ഷോഭത്തിൽ മുൻനിരയിലുണ്ടായിരുന്ന നേതാവായിരുന്നു ഒസ്മാൻ ഹാദി. 2026-ൽ നടക്കാനിരിക്കുന്ന ബംഗ്ലാദേശ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങിയിരുന്നു. ഇതിനിടെയായിരുന്നു ഹാദിയുടെ മരണം.
ധാക്കയിലെ ബിജോയ്‌നഗർ പ്രദേശത്ത് തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുന്നതിനിടെ അജ്ഞാതർ ഹാദിക്ക് നേരെ വെടിയുതിർത്തുകയായിരുന്നു. മുഖംമൂടി ധരിച്ചവർ വെച്ച വെടി ഹാദിയുടെ തലയിലാണ് ഏറ്റത്. ആരോഗ്യാവസ്ഥ അതീവ ഗുരുതരമായതോടെ കൂടുതൽ ചികിത്സയ്ക്കായി ഹാദിയെ സിംഗപ്പൂരിലേക്ക് കൊണ്ടുപോയി. ചികിത്സയ്ക്കിടെയായിരുന്നു മരണം.
ഹാദിയുടെ മരണത്തെത്തുടർന്ന് ബംഗ്ലാദേശിൽ വ്യാപക സംഘർഷം പൊട്ടിപ്പുറപ്പെട്ടിരുന്നു. ‘ജതിയ ഛത്ര ശക്തി’ എന്ന വിദ്യാർത്ഥി സംഘടന സംഘടിപ്പിച്ച വിലാപയാത്രയ്ക്കിടെയാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. സംഘടന ആഭ്യന്തര മന്ത്രിയുടെ കോലം കത്തിക്കുകയും രാജി ആവശ്യപ്പെടുകയും ചെയ്തിരുന്നു.
Content Highlights
Murder case accused Faisal Karim Masud surfaces in Dubai with video statement
Claims innocence in student leader Sharif Osman Hadi’s assassination
Accuses Jamaat-e-Islami of orchestrating the killing
Bangladesh police had claimed accused crossed into India via Meghalaya
BSF and Meghalaya police denied Bangladesh’s allegations




















































