കണ്ണൂർ I ഡിസംബർ 20, 2025
കണ്ണൂർ: പിണറായി വെണ്ടുട്ടായിയിൽ സ്ഫോടകവസ്തു കൈയിലിരുന്ന് പൊട്ടി യുവാവിന് പരിക്കേറ്റത് സോഷ്യൽ മീഡിയ റീൽസ് ചിത്രീകരണത്തിനിടെയെന്ന് സ്ഥിരീകരണം. പരിക്കേറ്റ വിപിൻ രാജിന്റെ കൈയിൽ നിന്നും സ്ഫോടകവസ്തു പൊട്ടിത്തെറിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നു. വെണ്ടുട്ടായി കനാൽ കരയിൽ വെച്ചായിരുന്നു സംഭവം. സ്ഫോടനത്തിൽ വിപിന്റെ കൈപ്പത്തി ചിതറിപ്പോയിരുന്നു.
അപകടമുണ്ടാക്കിയത് സാധാരണ ഓലപ്പടക്കമാണെന്നായിരുന്നു പോലീസിന്റെ പ്രഥമവിവര റിപ്പോർട്ടിലും വിപിൻ രാജ് നൽകിയ മൊഴിയിലും ഉണ്ടായിരുന്നത്. ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾക്കായി വാങ്ങിയ പടക്കം പൊട്ടിയതാണെന്ന് സി.പി.ഐ.എം നേതാവ് ഇ.പി. ജയരാജനും പ്രതികരിച്ചിരുന്നു. എന്നാൽ പുറത്തുവന്ന ദൃശ്യങ്ങൾ സ്ഫോടനത്തിന്റെ തീവ്രതയെക്കുറിച്ച് കൂടുതൽ സംശയങ്ങൾ ഉയർത്തുന്നുണ്ട്.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ വിപിൻ രാജ് നിലവിൽ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ബോംബ് സ്ഫോടനമെന്ന തരത്തിൽ വ്യാഖ്യാനങ്ങൾ നൽകി കണ്ണൂരിലെ സമാധാന അന്തരീക്ഷം തകർക്കരുതെന്ന് ഇ.പി. ജയരാജൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു. സ്ഫോടകവസ്തുവിന്റെ ഉറവിടത്തെക്കുറിച്ചും അത് സാധാരണ പടക്കമാണോ അതോ ബോംബ് ആണോ എന്നും പോലീസ് വിശദമായി അന്വേഷിച്ചു വരികയാണ്.
Content Highlight: Visuals surface showing that the explosion in Pinarayi, Kannur, occurred during a social media reels shoot. Vipin Raj, the victim, lost his palm in the blast, which was initially reported as a firecracker accident.




















































