പൊന്നാനി | 27, ജനുവരി | 2026
പൊന്നാനി: പൊന്നാനിയിൽ കപ്പൽ നിർമ്മാണശാല തുടങ്ങുമെന്ന എംഎൽഎ പി. നന്ദകുമാറിന്റെ പ്രഖ്യാപനം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള വെറും രാഷ്ട്രീയ വാഗ്ദാനം മാത്രമാണെന്ന് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി. മുൻ തിരഞ്ഞെടുപ്പുകൾക്ക് മുൻപും ഇത്തരത്തിൽ വൻകിട പദ്ധതികൾ പ്രഖ്യാപിച്ചതല്ലാതെ ഒന്നും നടപ്പിലായിട്ടില്ലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് മുൻപ് പ്രഖ്യാപിച്ച വാഗ്ദാനങ്ങളുടെ പതനം ചൂണ്ടിക്കാട്ടിയായിരുന്നു കോൺഗ്രസിന്റെ വിമർശനം. 2011-ൽ വാണിജ്യ തുറമുഖം, 2016-ൽ ഹൗറ മോഡൽ പാലം, 2021-ൽ ലക്ഷദ്വീപ് കപ്പൽ സർവീസും ചെല്ലാനം മോഡൽ കടൽഭിത്തിയും തുടങ്ങി ഓരോ തിരഞ്ഞെടുപ്പ് കാലത്തും ജനങ്ങളെ വഞ്ചിക്കുന്ന പ്രഖ്യാപനങ്ങളാണ് ഉണ്ടായതെന്ന് സമിതി ആരോപിച്ചു. ഈ പദ്ധതികളെല്ലാം ഇപ്പോൾ എവിടെയെത്തിയെന്ന് എംഎൽഎ ജനങ്ങളോട് വ്യക്തമാക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മുസ്തഫ വടമുക്ക് യോഗത്തിൽ അധ്യക്ഷത വഹിച്ചു. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ പുതിയ പ്രഖ്യാപനങ്ങൾ നടത്തി ജനശ്രദ്ധ തിരിക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് നേതാക്കൾ അറിയിച്ചു. എ. പവിത്രകുമാർ, എം. അബ്ദുലത്തീഫ്, ജില്ലാ പഞ്ചായത്ത് മെമ്പർ സുലൈഖ റസാക്ക്, കെ. ജയപ്രകാശ്, ഇ. മജീദ്, എ. വി. ഉസ്മാൻ, മഹേഷ് കുമാർ, എം. കെ. റഫീഖ്, സി. ജാഫർ, മുനീർ മാറഞ്ചേരി, കെ.പി. സോമൻ തുടങ്ങിയവർ സംസാരിച്ചു.
Content Highlights
- Ponnani Block Congress Committee slams the MLA’s announcement of a new shipyard as a 2026 election stunt.
- Congress lists previous unfulfilled promises like the commercial port (2011), Howrah model bridge (2016), and Lakshadweep ferry service (2021).
- Block President Mustafa Vadamukku demands the MLA explain the status of earlier projects before making new ones.
- Local Congress leaders warn against deceptive political promises ahead of the upcoming Assembly elections.




















































