New Delhi | December 5, 2025
റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന് വേണ്ടി രാഷ്ട്രപതി ഒരുക്കുന്ന വിരുന്നിലേക്ക് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിക്കും പാർട്ടി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയ്ക്കും ക്ഷണം ലഭിച്ചില്ല. അതേസമയം, മുതിർന്ന കോൺഗ്രസ് എം.പി. ശശി തരൂർ വിരുന്നിൽ പങ്കെടുക്കുമെന്ന് അറിയിച്ചു.
വിദേശകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ തലവൻ എന്ന നിലയിൽ തനിക്ക് ലഭിച്ച ബഹുമതിയുടെ ഭാഗമായാണ് ക്ഷണം എന്നും താൻ തീർച്ചയായും വിരുന്നിൽ പങ്കെടുക്കുമെന്നും തരൂർ വ്യക്തമാക്കി. വിരുന്നിൽ രാഹുൽ ഗാന്ധിക്കും ഖർഗെയ്ക്കും ക്ഷണം ലഭിക്കാത്തതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദേശ രാഷ്ട്രത്തലവന്മാർ ഇന്ത്യ സന്ദർശിക്കുമ്പോൾ പ്രതിപക്ഷ നേതാക്കളുമായുള്ള കൂടിക്കാഴ്ചകൾ സർക്കാർ നിരുത്സാഹപ്പെടുത്തുന്നുവെന്ന് മല്ലികാർജ്ജുൻ ഖർഗെ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. കൂടാതെ, വിദേശ പ്രമുഖരോട് പ്രതിപക്ഷ നേതാവിനെ കാണരുതെന്ന് കേന്ദ്ര സർക്കാർ പറയുന്നതായി രാഹുൽ ഗാന്ധിയും ആരോപണം ഉന്നയിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യ മന്ത്രാലയവും പ്രതിപക്ഷ നേതാവിനെ സന്ദർശിക്കുന്ന പാരമ്പര്യം പാലിക്കുന്നില്ലെന്നും രാഹുൽ ഗാന്ധി വിമർശിച്ചിരുന്നു. ഈ ആരോപണങ്ങൾക്ക് പിന്നാലെയാണ് രാഷ്ട്രപതിയുടെ ഔദ്യോഗിക വിരുന്നിൽ നിന്ന് രാഹുൽ ഗാന്ധിയെയും ഖർഗെയെയും ഒഴിവാക്കിയത് എന്നതും ശ്രദ്ധേയമാണ്.
നാല് വർഷത്തിന് ശേഷം ആദ്യമായാണ് പുടിൻ ഇന്ത്യയിൽ രണ്ട് ദിവസത്തെ സന്ദർശനം നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരമാണ് ഈ സന്ദർശനം. കൂടിക്കാഴ്ചയിൽ ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയും റഷ്യയും ഒരുമിച്ച് നിൽക്കുമെന്ന് പ്രധാനമന്ത്രി മോദി പുടിന് ഉറപ്പ് നൽകി. യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ സമാധാനത്തിനാണ് ഇന്ത്യ പ്രാധാന്യം നൽകുന്നതെന്നും മോദി വ്യക്തമാക്കി. കൂടാതെ, പ്രധാനമന്ത്രി മോദി പുടിന് റഷ്യൻ ഭാഷയിലുള്ള ഭഗവദ്ഗീതയുടെ കോപ്പിയും സമ്മാനിച്ചു.




















































