ന്യൂസ് ഡെസ്ക് | Wednesday, 3rd December 2025.
രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറയുന്നത് നാളത്തേക്ക് മാറ്റി. ഒന്നേമുക്കാൽ മണിക്കൂറോളം നീണ്ട വാദപ്രതിവാദങ്ങളാണ് ഇന്ന് കോടതിയിൽ നടന്നത്. കേസുമായി ബന്ധപ്പെട്ട ചില രേഖകൾ പരിശോധിക്കാനുണ്ടെന്ന് കോടതി അറിയിച്ചു. രേഖകൾ പരിശോധിച്ച ശേഷം നാളെ രാവിലെ 11 മണിയോടെ വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അറസ്റ്റ് തടയാനാകില്ലെന്ന് പ്രോസിക്യൂഷൻ
വിധി വരും വരെ അറസ്റ്റ് തടയണമെന്നും, വിധി നീണ്ടുപോയാൽ അറസ്റ്റ് പാടില്ലെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. എന്നാൽ, പോലീസ് നടപടിയിൽ ഉറപ്പ് നൽകാനാവില്ലെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യുന്നത് കോടതി തടഞ്ഞിട്ടില്ല.
കോടതിയിൽ നടന്ന വാദമുഖങ്ങൾ
പ്രതിഭാഗത്തിന്റെയും വാദിഭാഗത്തിന്റെയും അപേക്ഷ പരിഗണിച്ച്, വിവരങ്ങൾ പുറത്തുപോകാതിരിക്കാൻ അടച്ചിട്ട മുറിയിലാണ് (In-camera) കേസിന്റെ വാദം നടന്നത്.
പ്രോസിക്യൂഷൻ വാദം
തെളിവ് നശിപ്പിക്കാൻ സാധ്യത: രാഹുൽ മാങ്കൂട്ടത്തിൽ അന്വേഷണവുമായി സഹകരിക്കുന്നില്ല. ഈ ഘട്ടത്തിൽ പുറത്തിറങ്ങിയാൽ തെളിവുകൾ നശിപ്പിക്കാൻ ഇടയുണ്ട്.
സ്ഥിരം കുറ്റവാളി
രാഹുൽ സ്ഥിരം കുറ്റവാളിയാണെന്നും കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കേണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു.
രഹസ്യമൊഴി
അതിജീവിതയുടെ രഹസ്യമൊഴി കോടതിയിൽ വായിച്ചു.
പ്രതിഭാഗം വാദം:
ഉഭയസമ്മതപ്രകാരം
പരാതിക്കാരിയുമായി നടന്നത് ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധമാണ്.
പരാതി വൈകിയത്
ബലാത്സംഗം നടന്നതായി പറയുന്ന കാലയളവിൽ യുവതിക്ക് പോലീസുമായും വനിതാ സെല്ലുമായും ബന്ധമുണ്ടായിരുന്നു. ഗാർഹിക പീഡനത്തിന് പരാതി നൽകിയപ്പോൾ പോലീസുമായി ബന്ധപ്പെട്ടിരുന്നു. അന്ന് പീഡനം നടന്നിട്ടുണ്ടെങ്കിൽ പരാതി നൽകാമായിരുന്നു.
ഗർഭച്ഛിദ്രം
മറ്റാരുടെയും പ്രേരണയില്ലാതെയാണ് യുവതി ഗർഭച്ഛിദ്രത്തിനുള്ള മരുന്ന് കഴിച്ചതെന്നും രാഹുലിന്റെ അഭിഭാഷകൻ വാദിച്ചു.




















































