പത്തനംതിട്ട | 14, ജനുവരി | 2026
യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ തിരുവല്ലയിലെ ക്ലബ് 7 ഹോട്ടലിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇന്ന് പുലർച്ചെ നടന്ന തെളിവെടുപ്പിൽ ഹോട്ടലിലെ 408-ാം നമ്പർ മുറിയിൽ താൻ വന്ന കാര്യം രാഹുൽ പോലീസിനോട് സമ്മതിച്ചു. എന്നാൽ അതിജീവിതയുമായി സംസാരിക്കാനാണ് എത്തിയതെന്നാണ് രാഹുലിന്റെ വിശദീകരണം. പീഡനാരോപണത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് അദ്ദേഹം പ്രതികരിച്ചിട്ടില്ല.
ഹോട്ടലിലെ രജിസ്റ്ററിൽ ‘രാഹുൽ ബി.ആർ’ എന്ന പേരിൽ മുറി എടുത്തത് കേസിലെ നിർണ്ണായക തെളിവായി അന്വേഷണ സംഘം (SIT) രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിൽ രാഹുൽ അന്വേഷണവുമായി വേണ്ട രീതിയിൽ സഹകരിക്കാത്തത് പോലീസിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്. രാഹുലിന്റെ ലാപ്ടോപ്പ് കണ്ടെത്താനായി പാലക്കാട്, വടകര എന്നിവിടങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് പോലീസിന്റെ നീക്കം.
പാലക്കാട്ടെ ഹോട്ടൽ മുറിയിൽ നിന്ന് കണ്ടെടുത്ത രാഹുലിന്റെ മൊബൈൽ ഫോൺ വിശദമായ ശാസ്ത്രീയ പരിശോധനയ്ക്കായി ഫോറൻസിക് ലാബിലേക്ക് അയക്കും. ഇതിൽ കേസുമായി ബന്ധപ്പെട്ട നിർണ്ണായകമായ ചാറ്റുകൾ ഉണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. നിലവിൽ രാഹുലിനെ പത്തനംതിട്ട എ.ആർ ക്യാമ്പിലെത്തിച്ച് ചോദ്യം ചെയ്യൽ തുടരുകയാണ്.
യുവജന സംഘടനകളുടെ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷാ വലയത്തിലായിരുന്നു തെളിവെടുപ്പ് നടന്നത്. ജനുവരി 15-ന് വൈകിട്ട് അഞ്ചു മണിയോടെ രാഹുലിനെ കോടതിയിൽ തിരികെ ഹാജരാക്കണം. രാഹുലിന്റെ ജാമ്യാപേക്ഷയിൽ 16-ാം തീയതി കോടതി വീണ്ടും വാദം കേൾക്കും.
Content Highlights:
Rahul Mamkootathil MLA admits visiting Thiruvalla Club 7 hotel during SIT evidence collection; Police intensify search for laptop in Vadakara and Palakkad; Mobile phone sent for forensic analysis.




















































