Thiruvananthapuram | November 29, 2025 പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ലൈംഗിക പീഡന കേസിലെ പരാതിക്കാരിക്കെതിരെ പുതിയ തെളിവുകളുമായി രംഗത്തെത്തി. തിരുവനന്തപുരം ജില്ലാ കോടതിയിൽ സീൽഡ് കവറിലാണ് രേഖകൾ സമർപ്പിച്ചത്.
ആകെ ഒമ്പത് തെളിവുകളാണ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. പരാതിക്കാരി ജോലി ചെയ്തിരുന്ന മാധ്യമ സ്ഥാപനത്തിലെ ഉന്നത ഉദ്യോഗസ്ഥൻ യുവതിയെ പരാതി നൽകാൻ പ്രേരിപ്പിച്ചതിന്റെ തെളിവുകൾ പെൻഡ്രൈവിൽ നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
ഗർഭച്ഛിദ്രം യുവതി സ്വമേധയാ നടത്തിയതാണെന്ന് തെളിയിക്കുന്ന രേഖകളും സമർപ്പിച്ചിട്ടുണ്ട്. ആരോപണങ്ങൾ ഉന്നയിച്ച കാലഘട്ടത്തിൽ പരാതിക്കാരി ഭർത്താവിനൊപ്പമാണ് താമസിച്ചിരുന്നതെന്ന് സ്ഥാപിക്കുന്ന തെളിവുകളും സമർപ്പിച്ച രേഖകളിൽ ഉൾപ്പെടുന്നു.
കേസിൽ ഒളിവിൽ പോയിരുന്ന രാഹുൽ ഇന്നലെ തിരുവനന്തപുരത്തെത്തിയിരുന്നു. വഞ്ചിയൂരിലെ അഭിഭാഷകന്റെ ഓഫീസിൽ എത്തി വക്കാലത്ത് ഒപ്പുവച്ചു. മുൻകൂർ ജാമ്യ ഹർജി നൽകാനാണ് തലസ്ഥാനത്തെത്തിയതെന്ന് അഭിഭാഷകൻ വ്യക്തമാക്കി.
പൊലീസ് കേസെടുത്തതിന് ശേഷം രാഹുൽ ഒളിവിൽ പോയിരുന്നു. രാഹുലിനെ പിടികൂടാൻ പൊലീസ് തീവ്ര അന്വേഷണം നടത്തുകയും ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. തിരുവനന്തപുരത്ത് എത്തിയതിന് ശേഷം രാഹുൽ എവിടേക്ക് പോയെന്ന കാര്യത്തിൽ വ്യക്തതയില്ല.




















































