ന്യൂസ് ഡെസ്ക് | Thursday, 4th December 2025.
ലൈംഗിക പീഡനക്കേസുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ.യെ കണ്ടെത്താനായി പോലീസ് തിരച്ചിൽ ശക്തമാക്കി. രാഹുൽ വയനാട്-കർണാടക അതിർത്തിയിൽ എത്തിയെന്ന സംശയത്തിൽ പോലീസ് സംഘം അവിടെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയാണ്. ഇന്ന് മുതൽ കൂടുതൽ പോലീസ് സംഘങ്ങളെ തിരച്ചിലിനായി നിയോഗിച്ചിട്ടുണ്ട്.
പാലക്കയത്ത് അജ്ഞാത സന്ദേശം
രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് പാലക്കയത്തെ ഒരു റിസോർട്ടിൽ ഒളിവിൽ കഴിയുന്നുണ്ടെന്ന് കാണിച്ച് കല്ലടിക്കോട് പോലീസ് സ്റ്റേഷനിൽ അജ്ഞാത ഫോൺ സന്ദേശം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കല്ലടിക്കോട് സി.ഐ. സി.കെ. നൗഷാദിന്റെ നേതൃത്വത്തിൽ പാലക്കയത്തെ ചില റിസോർട്ടുകളിൽ പരിശോധന നടത്തിയെങ്കിലും രാഹുലിനെ കണ്ടെത്താനായില്ല. ലഭിച്ചത് വ്യാജ ഫോൺകോളാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
അന്വേഷണ വിവരങ്ങൾ ചോരുന്നു; എഡിജിപിയുടെ കർശന നിർദേശം
രാഹുൽ മാങ്കൂട്ടത്തിനായുള്ള തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോരുന്നുണ്ടോ എന്ന സംശയം പോലീസിനുണ്ട്. ഈ പശ്ചാത്തലത്തിൽ, തിരച്ചിൽ അതീവ രഹസ്യ സ്വഭാവത്തോടെ വേണമെന്ന് എ.ഡി.ജി.പി. അന്വേഷണ സംഘത്തിന് കർശന നിർദേശം നൽകിയിട്ടുണ്ട്.
മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്; വാദം തുടരും
യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തിയെന്ന കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ മുൻകൂർ ജാമ്യ ഹർജിയിൽ ഇന്ന് വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ അടച്ചിട്ട മുറിയിലായിരിക്കും ഇന്നും വാദം തുടരുക.
പ്രോസിക്യൂഷൻ
ഇന്നലെ കൂടുതൽ തെളിവുകൾ സമർപ്പിക്കാൻ സമയം ചോദിച്ചിരുന്നു. ഇന്ന് കൂടുതൽ ഡിജിറ്റൽ തെളിവുകൾ പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിക്കും. ഗർഭച്ഛിദ്രത്തിനായി സമ്മർദം ചെലുത്തുന്ന രാഹുലിന്റെ ചാറ്റുകളാണ് പ്രോസിക്യൂഷൻ പ്രധാനമായും ആശ്രയിക്കുന്നത്.
പ്രതിഭാഗം
അതിജീവിതയുടെ ചാറ്റുകളും വിവാഹ ഫോട്ടോയും പ്രതിഭാഗം കോടതിയിൽ ഹാജരാക്കി.
ഇതിനിടെ, മുൻകൂർ ജാമ്യാപേക്ഷയിൽ വാദം നടക്കുന്നതിനിടെ രാഹുൽ മാങ്കൂട്ടത്തിൽ കൽപ്പറ്റ കോടതിയിൽ കീഴടങ്ങിയേക്കുമെന്നും വിവരങ്ങൾ പുറത്തുവരുന്നുണ്ട്.




















































