തിരുവനന്തപുരം | 14, ജനുവരി | 2026
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് 100-ൽ കൂടുതൽ സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ ജനങ്ങൾ അതിശക്തമായ ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്നും, എന്നാൽ ഈ യാഥാർത്ഥ്യം മനസ്സിലാക്കാത്ത ഒരേയൊരാൾ മുഖ്യമന്ത്രി പിണറായി വിജയൻ മാത്രമാണെന്നും ചെന്നിത്തല പരിഹസിച്ചു. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ യുഡിഎഫിന്റെ വരാനിരിക്കുന്ന മുന്നേറ്റത്തെക്കുറിച്ച് മംഗളം ന്യൂസ് ഓൺലൈൻ നേരത്തെ സൂചിപ്പിച്ച നിരീക്ഷണങ്ങളെ ശരിവെക്കുന്നതായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും പാർലമെന്റ് തിരഞ്ഞെടുപ്പിലും യുഡിഎഫ് നേടിയ വമ്പിച്ച വിജയം നിയമസഭയിലും ആവർത്തിക്കും. പത്ത് വർഷത്തെ എൽഡിഎഫ് ദുർഭരണത്തിൽ ജനങ്ങൾ മടുത്തിരിക്കുകയാണ്. ഭരണവിരുദ്ധ വികാരം ഇടതുപക്ഷ പ്രവർത്തകർക്കിടയിൽ പോലും ശക്തമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
മുന്നണി മാറ്റ വിവാദത്തിൽ ചെന്നിത്തലയുടെ നിലപാട്
കേരള കോൺഗ്രസ് (എം) ഇടതുമുന്നണി വിടുമെന്ന അഭ്യൂഹങ്ങൾക്കിടെ ജോസ് കെ മാണിയുമായി ചർച്ച നടത്തുന്നതിൽ ഇപ്പോൾ പ്രസക്തിയില്ലെന്ന് ചെന്നിത്തല വ്യക്തമാക്കി. “താാൻ ഇടതുമുന്നണിയുടെ ഭാഗമാണെന്ന് ജോസ് കെ മാണി തന്നെ ആവർത്തിക്കുന്നു. മുന്നണി വിടാൻ അവർ തയ്യാറാകാത്ത സാഹചര്യത്തിൽ കോൺഗ്രസ് അങ്ങോട്ട് പോയി ചർച്ച നടത്തില്ല. നിലവിൽ എൽഡിഎഫിൽ നിൽക്കുന്ന ഒരു കക്ഷിയെ നിർബന്ധിച്ച് കൊണ്ടുവരുന്നത് ശരിയായ രാഷ്ട്രീയ രീതിയല്ല. അവർ സ്വയം തീരുമാനമെടുത്ത് പുറത്തുവരികയാണെങ്കിൽ മാത്രം അപ്പോൾ ആലോചിക്കാം” – ചെന്നിത്തല പറഞ്ഞു.
ഐഷാ പോറ്റിയുടെ കോൺഗ്രസ് പ്രവേശനം
സിപിഎം നേതാവായിരുന്ന ഐഷാ പോറ്റി കോൺഗ്രസിൽ ചേർന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അപചയമാണ് വ്യക്തമാക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഐഷാ പോറ്റി നേരത്തെ ഉണ്ടായിരുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയല്ല ഇന്നത്തെ സിപിഎം. പാർട്ടിയിലെ അവഗണനയും ജനാധിപത്യവിരുദ്ധമായ പോക്കുമാണ് അവരെപ്പോലെയുള്ള നേതാക്കളെ കോൺഗ്രസിലേക്ക് എത്തിക്കുന്നതെന്നും ഇത് യുഡിഎഫിന് വലിയ കരുത്താകുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
Content Highlights
Ramesh Chennithala predicts UDF will win over 100 seats in the 2026 Assembly elections. He states that CM Pinarayi Vijayan is oblivious to the people’s desire for change and clarifies there are no current talks with Jose K Mani as long as he stays in LDF.




















































