അഹമ്മദാബാദ് I ഡിസംബർ 20, 2025
അഹമ്മദാബാദ്: പരിക്കേറ്റ ശുഭ്മാൻ ഗില്ലിന് പകരക്കാരനായി ടീമിലെത്തി തകർപ്പൻ പ്രകടനം പുറത്തെടുത്ത സഞ്ജു സാംസണെ പ്രശംസിച്ചും ഇന്ത്യൻ ടീം മാനേജ്‌മെന്റിനെ വിമർശിച്ചും മുൻ പരിശീലകൻ രവി ശാസ്ത്രി. തുടർച്ചയായി ആറ് മത്സരങ്ങളിൽ ബെഞ്ചിലിരുന്ന സഞ്ജുവിന്, ഗില്ലിന്റെ പരിക്ക് മൂലമാണ് ടീമിൽ അവസരം ലഭിച്ചത്. ഈ സാഹചര്യത്തെയാണ് കമന്ററിക്കിടെ രവി ശാസ്ത്രി രൂക്ഷമായ ഭാഷയിൽ ചോദ്യം ചെയ്തത്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അഞ്ചാം ടി20യിൽ 22 പന്തിൽ 37 റൺസെടുത്ത സഞ്ജു, ടീമിന് മികച്ച തുടക്കമാണ് നൽകിയത്. 168.18 സ്ട്രൈക്ക് റേറ്റിൽ ബാറ്റ് ചെയ്ത താരം നാല് ഫോറും രണ്ട് സിക്‌സറും പറത്തി. സഞ്ജുവിന്റെ ബാറ്റിങ് മികവ് കണ്ടപ്പോഴാണ് ശാസ്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്. “ഇത്രയും മനോഹരമായി ഷോട്ടുകൾ കളിക്കുന്ന ഒരു താരത്തെ ഓപ്പണിങ് റോളിൽ കളിപ്പിക്കാൻ നമ്മൾ എന്തിനാണ് ഒരാളുടെ പരിക്കിനായി കാത്തിരിക്കുന്നത്? മുൻനിരയിൽ സ്വാഭാവികമായി കളിക്കാൻ കഴിയുന്ന താരമാണ് സഞ്ജു,” ശാസ്ത്രി പറഞ്ഞു.
ഇതിനകം മൂന്ന് ടി20 സെഞ്ച്വറികൾ നേടിയിട്ടുള്ള സഞ്ജു എത്രത്തോളം അപകടകാരിയായ ബാറ്ററാണെന്ന് ശാസ്ത്രി ഓർമ്മിപ്പിച്ചു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ തന്നെ തുടർച്ചയായ രണ്ട് മത്സരങ്ങളിൽ സെഞ്ച്വറി നേടിയ താരത്തെ എന്തിനാണ് ആറ് മത്സരങ്ങളിൽ പുറത്തിരുത്തിയതെന്ന ചോദ്യം ക്രിക്കറ്റ് ലോകത്ത് സജീവമായിട്ടുണ്ട്. വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനേക്കാൾ ടി20 ഫോർമാറ്റിൽ ഇംപാക്ട് സൃഷ്ടിക്കാൻ സഞ്ജുവിന് കഴിയുന്നുണ്ടെന്നും ശാസ്ത്രിയുടെ വാക്കുകൾ അടിവരയിടുന്നു.
Content Highlight: Former Indian coach Ravi Shastri slams the team management’s decision to keep Sanju Samson on the bench, questioning why an injury to another player is needed to give Samson an opportunity.




















































