തിരുവനന്തപുരം | 14, ഫെബ്രുവരി | 2026
ശബരിമല സ്വർണ്ണക്കൊള്ള കേസിലെ അന്വേഷണം ഊർജ്ജിതമാക്കി പ്രത്യേക അന്വേഷണ സംഘം (SIT). കേസിലെ പ്രതിയും കർണാടക ബെല്ലാരിയിലെ ജ്വല്ലറി ഉടമയുമായ ഗോവർധന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഉണ്ണികൃഷ്ണൻ പോറ്റിയുമായി നടത്തിയ പണമിടപാടുകളുടെ സുപ്രധാന രേഖകൾ കണ്ടെത്തി. ശബരിമലയിലെ സ്പോൺസർഷിപ്പുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഒന്നരക്കോടി രൂപ കൈമാറിയെന്ന ഗോവർധന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ബെല്ലാരിയിലെത്തിയ അഞ്ചംഗ അന്വേഷണ സംഘം ഗോവർധന്റെ വീട്ടിൽ നിന്ന് ബാങ്ക് പാസ്ബുക്കുകളും മറ്റ് സാമ്പത്തിക രേഖകളും ശേഖരിച്ചിട്ടുണ്ട്. കേസിൽ മൂന്നാം തവണയാണ് എസ്ഐടി ബെല്ലാരിയിൽ തെളിവെടുപ്പിനെത്തുന്നത്. നേരത്തെ ശബരിമലയിൽ നിന്ന് നഷ്ടമായ സ്വർണ്ണത്തിന് തുല്യമായ അളവ് സ്വർണ്ണം ഇവിടെ നിന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
അതേസമയം, കേസിലെ മറ്റൊരു പ്രതിയും സ്മാർട്ട് ക്രിയേഷൻസ് സിഇഒയുമായ പങ്കജ് ഭണ്ഡാരിക്ക് തിരിച്ചടിയേറ്റിരിക്കുകയാണ്. കേസിലെ എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. പങ്കജ് ഭണ്ഡാരിയുടെ അറസ്റ്റ് നിയമപരമാണെന്നും കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചാണ് അന്വേഷണം മുന്നോട്ട് പോകുന്നതെന്നും കോടതി നിരീക്ഷിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ് സൂചന.
Content Highlights: SIT recovers crucial documents related to money transactions between Govardhan and Unnikrishnan Potti in the Sabarimala gold heist case. High Court rejects Pankaj Bhandari’s plea to quash FIR.




















































