തിരുവനന്തപുരം | 18, ജനുവരി | 2026.
ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിലും കട്ടിളപ്പാളികളിലും സ്വര്‍ണ്ണക്കൊള്ള നടന്നതായി ശാസ്ത്രീയ പരിശോധനയിൽ സ്ഥിരീകരണം. വിക്രം സാരാഭായ് സ്പേസ് സെന്റർ (VSSC) നടത്തിയ പരിശോധനയുടെ ഫലമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി കൊണ്ടുപോയി തിരികെ എത്തിച്ച പാളികളിൽ സ്വർണ്ണത്തിന്റെ അളവ് ഗണ്യമായി കുറഞ്ഞതായാണ് കണ്ടെത്തൽ.
1998-ൽ യു.ബി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ സ്വർണ്ണം പൊതിഞ്ഞ മറ്റ് പാളികളുമായി താരതമ്യം ചെയ്തപ്പോഴാണ് ഉണ്ണികൃഷ്ണൻ പോറ്റി എത്തിച്ച പാളികളിലെ സ്വർണ്ണക്കുറവ് വ്യക്തമായത്. ദ്വാരപാലക ശില്പം, കട്ടിളപ്പാളി എന്നിവയിൽ നിന്ന് ശേഖരിച്ച 15 സാമ്പിളുകളാണ് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയത്. വി.എസ്.എസ്.സി സീൽ വെച്ച കവറിൽ കൊല്ലം വിജിലൻസ് കോടതിക്ക് കൈമാറിയ ഈ റിപ്പോർട്ട് ശനിയാഴ്ചയാണ് പ്രത്യേക അന്വേഷണ സംഘത്തിന് (SIT) ലഭിച്ചത്.
അന്വേഷണ സംഘത്തിന്റെ നിഗമനങ്ങൾ കൂടി ഉൾപ്പെടുത്തിയ റിപ്പോർട്ട് നാളെ ഹൈക്കോടതിയിൽ സമർപ്പിക്കും. ഫെബ്രുവരി മൂന്നിന് മുൻപായി കേസിൽ പ്രാഥമിക കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നത് തടയാനാണ് വേഗത്തിൽ കുറ്റപത്രം നൽകുന്നത്. ദ്വാരപാലക കേസിൽ അറസ്റ്റ് നടന്നിട്ട് 90 ദിവസം പിന്നിടുന്ന സാഹചര്യത്തിൽ വി.എസ്.എസ്.സി റിപ്പോർട്ട് കേസിൽ നിർണ്ണായക തെളിവാകും.
Content Highlights
VSSC scientific report confirms gold theft in Sabarimala’s Dwapalaka statues and door frames.
Comparison with 1998 gold plating shows significant weight reduction in the pieces returned by Unnikrishnan Potti.
SIT receives the report from Kollam Vigilance Court; will submit it to the High Court tomorrow.
15 samples were analyzed to verify the purity and quantity of gold on the copper plates.
Police aim to file a preliminary chargesheet by February 3 to prevent the accused from getting statutory bail.




















































