THIRUVANANTHAPURAM | Nov 29, 2025
തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡിന്റെ മുൻ അംഗങ്ങളായ കെ.പി. ശങ്കരദാസിനെയും എൻ. വിജയകുമാറിനെയും പ്രത്യേക അന്വേഷണ സംഘം (SIT) വീണ്ടും വിളിപ്പിച്ചു. നിലവിൽ റിമാൻഡിലുള്ള ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ മൊഴികളുടെ അടിസ്ഥാനത്തിലാണ് ഇരുവർക്കുമെതിരെ കൂടുതൽ നടപടികൾ സ്വീകരിക്കുന്നത്.
കട്ടിളപ്പാളി കടത്തിയ സംഭവത്തിൽ ബോർഡ് തീരുമാനത്തിൽ തനിക്കൊപ്പം ഇരുവർക്കും കൂട്ടുത്തരവാദിത്തം ഉണ്ടെന്നാണ് പത്മകുമാർ മൊഴി നൽകിയിരിക്കുന്നത്. 2019-ൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ അപേക്ഷ പരിഗണിച്ചപ്പോഴും, ഉദ്യോഗസ്ഥരുടെ ഫയൽ നീക്കങ്ങളുമായി ബന്ധപ്പെട്ട് തീരുമാനമെടുത്തപ്പോഴും മറ്റ് രണ്ട് അംഗങ്ങളും തന്നെ പിന്തുണച്ചതായി അദ്ദേഹം മൊഴി നൽകിയിട്ടുണ്ട്.
ഈ മൊഴികളിൽ കൂടുതൽ വ്യക്തത വരുത്തിയ ശേഷം SIT തുടർനടപടികൾ കൈക്കൊള്ളും. ഇരുവരേയും അറസ്റ്റ് ചെയ്യാനുള്ള സാധ്യത പ്രത്യേക അന്വേഷണ സംഘം തള്ളിക്കളയുന്നില്ല. കട്ടിളപ്പാളിയിലെ സ്വർണ്ണം കടത്തിയ കേസിൽ ദേവസ്വം ബോർഡ് ഭരണസമിതിക്കും പങ്കുണ്ടെന്ന് അന്വേഷണ സംഘം സൂചിപ്പിക്കുന്നു.
മുമ്പ്, ഉണ്ണികൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി അപേക്ഷയിൽ, കട്ടിളപ്പാളികൾ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെയും അംഗങ്ങളുടെയും അറിവോടെയാണ് പുറത്തേക്ക് കൊണ്ടുപോയതെന്ന് SIT പരാമർശിച്ചിരുന്നു. 2019 മെയ് 18-നാണ് കട്ടിളപ്പാളികൾ അഴിച്ച് സ്വർണ്ണം പൂശുന്നതിനായി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയത്. ഈ സമയത്ത് പത്മകുമാർ ബോർഡ് പ്രസിഡന്റും കെ.ടി. ശങ്കർദാസും എൻ. വിജയകുമാറും ബോർഡ് അംഗങ്ങളുമായിരുന്നു.




















































