തിരുവനന്തപുരം | 25, ജനുവരി | 2026
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ നിർണ്ണായക തെളിവുകൾ തേടി ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം (SIT) ജയിലിലെത്തി ചോദ്യം ചെയ്തു. ശ്രീകോവിലിന്റെ കട്ടിളപ്പാളിയിൽ നിന്ന് സ്വർണ്ണം കവർന്നോ എന്ന കാര്യത്തിലാണ് എസ്ഐടി പ്രധാനമായും വ്യക്തത തേടിയത്. എന്നാൽ, വാതിലിൽ നിന്ന് സ്വർണ്ണം വേർതിരിച്ചിട്ടില്ലെന്നും കട്ടിളപ്പാളികൾ മാറ്റിയിട്ടില്ലെന്നുമാണ് പോറ്റി മൊഴി നൽകിയത്. ഈ മൊഴി അന്വേഷണ സംഘം പൂർണ്ണമായും വിശ്വാസത്തിലെടുത്തിട്ടില്ല.
സ്വർണ്ണക്കൊള്ളയ്ക്ക് 2018-ലെ ദേവപ്രശ്നത്തെ പ്രതികൾ മറയാക്കിയെന്ന നിഗമനത്തിലാണ് പോലീസ്. ആറാട്ടുത്സവത്തിനിടെ ആനയിടഞ്ഞതിനെത്തുടർന്ന് നടത്തിയ ദേവപ്രശ്നത്തിൽ പത്തോളം ദൈവജ്ഞർ പങ്കെടുത്തിരുന്നു. ഇവരുടെ മൊഴി രേഖപ്പെടുത്താൻ എസ്ഐടി തീരുമാനിച്ചു. പൊന്നമ്പലമേട്ടിൽ ക്ഷേത്രം പണിയണമെന്ന ആവശ്യം ഉയർന്നത് ആരുടെ താല്പര്യപ്രകാരമാണെന്നും അക്കാലത്തെ ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ചും വിശദമായ പരിശോധന നടക്കും.
അതിനിടെ, പ്രതികളുടെ മൊഴിപ്പകർപ്പുകൾ ആവശ്യപ്പെട്ട് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ED) എസ്ഐടിക്ക് കത്തയച്ചു. ഉന്നതരുടെ പേരുകൾ ഉൾപ്പെട്ട മൊഴിയായതിനാൽ നിയമോപദേശം തേടിയ ശേഷമേ പകർപ്പ് നൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കൂ എന്ന് എസ്ഐടി അറിയിച്ചു. കേസന്വേഷണം മൂന്ന് മാസം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാൻ പോലീസിന് കഴിഞ്ഞിട്ടില്ല. ഫെബ്രുവരി ഒന്നിനകം കുറ്റപത്രം നൽകിയില്ലെങ്കിൽ ഉണ്ണിക്കൃഷ്ണൻ പോറ്റി ഉൾപ്പെടെയുള്ള പ്രധാന പ്രതികൾക്ക് ജാമ്യം ലഭിക്കാനുള്ള സാധ്യതയുണ്ട്. മോഷ്ടിക്കപ്പെട്ട സ്വർണ്ണം കണ്ടെത്താൻ കഴിയാത്തതാണ് കുറ്റപത്രം വൈകാൻ പ്രധാന കാരണം.
Content Highlights
SIT interrogates prime accused Unnikrishnan Potti at jail regarding the gold theft from the sanctum sanctorum’s doorframes.
Potti denies separating gold or replacing the doorframes; SIT remains skeptical of his claims.
Investigators suspect the 2018 ‘Devaprasnam’ was used as a cover-up for the theft; astrologers to be questioned.
Enforcement Directorate (ED) seeks copies of statements made by the accused involving high-profile names.
Concern grows as SIT struggles to file the charge sheet before the February 1 deadline, potentially leading to bail for the accused.




















































