തിരുവനന്തപുരം | 21, ജനുവരി | 2026
മലപ്പുറം, കാസർകോട് ജില്ലകളിലെ തിരഞ്ഞെടുപ്പ് വിജയങ്ങളെ വർഗീയ ധ്രുവീകരണവുമായി ബന്ധപ്പെടുത്തി താൻ നടത്തിയ വിവാദ പ്രസ്താവന പിൻവലിച്ച് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. തന്റെ വാക്കുകളിൽ ആർക്കെങ്കിലും വിഷമമുണ്ടായിട്ടുണ്ടെങ്കിൽ അതിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നതായി മന്ത്രി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
താൻ നടത്തിയ പ്രസ്താവന വളച്ചൊടിക്കപ്പെടുകയായിരുന്നുവെന്നും, ഒരു പ്രത്യേക വിഭാഗത്തിന് എതിരല്ല താൻ സംസാരിച്ചതെന്നും സജി ചെറിയാൻ വ്യക്തമാക്കി. മതനിരപേക്ഷ നിലപാടാണ് തന്റെ രാഷ്ട്രീയ ജീവിതത്തിൽ ഉടനീളം ഉയർത്തിപ്പിടിച്ചിട്ടുള്ളതെന്നും, തന്റെ ഉദ്ദേശശുദ്ധി മനസ്സിലാക്കാതെയാണ് പലരും ഇതിനെ തെറ്റായി വ്യാഖ്യാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മലപ്പുറം ജില്ലാ പഞ്ചായത്തിലെയും കാസർകോട് നഗരസഭയിലെയും വിജയികളുടെ പേര് പരാമർശിച്ചുകൊണ്ട് മന്ത്രി നടത്തിയ പ്രസ്താവന വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. മുസ്ലിം ലീഗ്, കോൺഗ്രസ് തുടങ്ങിയ പാർട്ടികൾക്ക് പുറമെ ഭരണപക്ഷത്തെ സിപിഐഎം നേതൃത്വവും പ്രസ്താവന തിരുത്തണമെന്ന് മന്ത്രിക്കുമേൽ സമ്മർദ്ദം ചെലുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഖേദപ്രകടനവുമായി മന്ത്രി രംഗത്തെത്തിയത്.
Content Highlights: Minister Saji Cherian has withdrawn his controversial statement regarding Malappuram and Kasaragod election results, Expresses regret over the remarks.




















































