പാലക്കാട് | 21, ജനുവരി | 2026
പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉന്നയിക്കപ്പെട്ട ബലാത്സംഗക്കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി പരാതിക്കാരി ഹൈക്കോടതിയിൽ. രാഹുൽ ഗുരുതരമായ മനോവൈകൃതമുള്ളയാളാണെന്നും ഗർഭിണിയായിരുന്ന സമയത്ത് തന്നെ ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കിയെന്നും യുവതി സമർപ്പിച്ച സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു. രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് ഈ നിർണ്ണായക നീക്കം.
തന്റെ നഗ്ന ദൃശ്യങ്ങൾ രാഹുൽ ഭീഷണിപ്പെടുത്തി ചിത്രീകരിച്ചിട്ടുണ്ടെന്നും, ജാമ്യം ലഭിച്ചാൽ ഇവ പുറത്തുവിടുമെന്ന് ഭയമുണ്ടെന്നും യുവതി കോടതിയെ അറിയിച്ചു. ബലാത്സംഗത്തിനിടെ ഏറ്റ പരിക്കുകളുടെ ചിത്രങ്ങളും, രാഹുൽ നടത്തിയ ഭീഷണികൾ വ്യക്തമാക്കുന്ന ചാറ്റുകളും ശബ്ദസന്ദേശങ്ങളും തെളിവായി കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഭീഷണിപ്പെടുത്തി നിർബന്ധിത ഗർഭഛിദ്രം നടത്തിയതായും യുവതി ആരോപിക്കുന്നു.
രാഹുലിന്റെ സുഹൃത്ത് ജോബി എത്തിച്ച ഗുളികകൾ കഴിക്കുന്നത് വീഡിയോ കോളിലൂടെ കണ്ട് രാഹുൽ ഉറപ്പുവരുത്തിയെന്നും സത്യവാങ്മൂലത്തിലുണ്ട്. വിചാരണ കോടതിയെയും ഹൈക്കോടതിയെയും തെറ്റിദ്ധരിപ്പിക്കാൻ രാഹുൽ ശ്രമിക്കുകയാണെന്നും, സ്ഥിരം ലൈംഗിക കുറ്റവാളിയായ ഇയാൾക്ക് ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും പരാതിക്കാരി കോടതിയിൽ വാദിച്ചു.
Content Highlights: Serious allegations against Rahul Mamkootathil MLA in rape case affidavit, Victim claims brutal assault during pregnancy and threat of leaking private videos.




















































