തിരുവനന്തപുരം | ജനുവരി 13, 2026
തിരുവനന്തപുരം: നരേന്ദ്ര മോദി സർക്കാരിന്റെ മാവോയിസ്റ്റ് വിരുദ്ധ നയങ്ങളെ പ്രകീർത്തിച്ചുകൊണ്ട് കോൺഗ്രസ് എം.പി ശശി തരൂർ രംഗത്ത്. പ്രൊജക്ട് സിൻഡിക്കേറ്റിൽ (Project Syndicate) എഴുതിയ ലേഖനത്തിലാണ് തരൂർ കേന്ദ്ര സർക്കാരിന്റെ നടപടികളെ പ്രശംസിച്ചത്. മാവോയിസ്റ്റ് വെല്ലുവിളിയെ നേരിടാനുള്ള ശേഷി മോദി സർക്കാർ തെളിയിച്ചുവെന്നും സുരക്ഷയും വികസനവും ഒരുപോലെ കൊണ്ടുപോകുന്ന നയമാണ് ദൗത്യത്തിന്റെ വിജയത്തിന് പിന്നിലെന്നും അദ്ദേഹം ലേഖനത്തിൽ വ്യക്തമാക്കുന്നു.
ലേഖനത്തിലെ പ്രധാന നിരീക്ഷണങ്ങൾ:
വിജയകരമായ നയം: 2013-ൽ 126 ജില്ലകളിൽ വ്യാപിച്ചു കിടന്നിരുന്ന മാവോയിസ്റ്റ് സ്വാധീനം ഇപ്പോൾ വെറും 11 ജില്ലകളിലേക്ക് ചുരുങ്ങിയത് നിർണ്ണായകമായ വിജയമാണ്. യു.പി.എ സർക്കാർ മുന്നോട്ടുവെച്ച ആശയങ്ങൾ മോദി സർക്കാർ മികച്ച രീതിയിൽ നടപ്പാക്കി.
സുരക്ഷയും വികസനവും: സർക്കാരിന്റെ ‘ഉരുക്കുമുഷ്ടി’ പ്രയോഗത്തിനൊപ്പം വികസനത്തിന്റെ ‘സാന്ത്വനസ്പർശം’ കൂടി ചേർന്നതാണ് മാവോയിസ്റ്റുകളെ തളയ്ക്കാൻ സഹായിച്ചത്. റോഡുകൾ, മൊബൈൽ ടവറുകൾ, അടിസ്ഥാന സൗകര്യവികസനം എന്നിവ ഗ്രാമങ്ങളിലെ ജനങ്ങളെ സർക്കാരിലേക്ക് അടുപ്പിച്ചു.
ജനങ്ങളുടെ ഹൃദയം കീഴടക്കി: സമാന്തര ഭരണകൂടം സ്ഥാപിക്കാൻ ശ്രമിച്ച മാവോയിസ്റ്റുകളെ പ്രതിരോധിക്കാൻ ക്ഷേമപദ്ധതികൾ നേരിട്ട് ജനങ്ങളിലെത്തിച്ചതിലൂടെ സർക്കാരിന് സാധിച്ചു. ഈ തന്ത്രം വരും ദിവസങ്ങളിലും തുടരണമെന്നും തരൂർ ലേഖനത്തിൽ നിർദ്ദേശിക്കുന്നു.
വീണ്ടും വിവാദത്തിലേക്ക്:
പാർട്ടി നിലപാടിന് വിരുദ്ധമായി ശശി തരൂർ മോദി സർക്കാരിനെ പുകഴ്ത്തുന്നത് ഇതാദ്യമല്ല. നേരത്തെ ‘ഓപ്പറേഷൻ സിന്ദൂർ’ കാലത്തെ നയതന്ത്ര നീക്കങ്ങളെയും മോദിയുടെ ഊർജ്ജസ്വലതയെയും അദ്ദേഹം പ്രശംസിച്ചിരുന്നു. കെ.പി.സി.സി നേതൃത്വവുമായി സമവായത്തിലെത്തി നിൽക്കുന്ന സാഹചര്യത്തിൽ തരൂർ വീണ്ടും കേന്ദ്രത്തെ പ്രശംസിച്ച് രംഗത്തെത്തിയത് കോൺഗ്രസിനുള്ളിൽ അസ്വസ്ഥതകൾക്ക് കാരണമായിട്ടുണ്ട്. എന്നാൽ ദേശീയ താല്പര്യമുള്ള കാര്യങ്ങളിൽ വസ്തുനിഷ്ഠമായി പ്രതികരിക്കുക മാത്രമാണ് താൻ ചെയ്യുന്നതെന്ന നിലപാടിലാണ് ശശി തരൂർ.
Content Highlight: Congress MP Shashi Tharoor has praised the Modi government’s anti-Maoist measures in a recent article. He noted that the government successfully integrated security and development to reduce Maoist influence from 126 districts to just 11. Tharoor credited the government for implementing UPA-era ideas effectively and winning the “hearts and minds” of the people through welfare schemes. This praise comes amid his ongoing complex relationship with the Congress leadership regarding his occasional endorsements of central policies.




















































