തിരുവനന്തപുരം | 15, ജനുവരി | 2026
മൂന്നാം ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ പോലീസ് കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്നു. രാഹുലിനെ ചോദ്യം ചെയ്യലിനായി കൂടുതൽ ദിവസം കസ്റ്റഡിയിൽ വാങ്ങേണ്ടതില്ലെന്ന് പ്രത്യേക അന്വേഷണ സംഘം (SIT) തീരുമാനിച്ചു. പകരം, ശാസ്ത്രീയമായ തെളിവുകൾ ശേഖരിച്ച് കേസ് പഴുതടച്ച് തെളിയിക്കാനാണ് എസ്.ഐ.ടിയുടെ നീക്കം. ഇന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുമ്പോൾ തുടർ കസ്റ്റഡി വേണ്ടെന്ന നിലപാട് പോലീസ് അറിയിക്കും.
അന്വേഷണത്തോട് രാഹുൽ തീർത്തും നിസ്സഹകരിക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. പിടിച്ചെടുത്ത മൊബൈൽ ഫോണിന്റെ പാസ്വേഡ് നൽകാനോ, നിർണ്ണായക വിവരങ്ങളുണ്ടെന്ന് കരുതുന്ന ലാപ്ടോപ്പ് എവിടെയാണെന്ന് വെളിപ്പെടുത്താനോ അദ്ദേഹം തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിൽ ശാസ്ത്രീയ മാർഗ്ഗങ്ങളിലൂടെ ഡിജിറ്റൽ തെളിവുകൾ പുറത്തെടുക്കാനാണ് എസ്.ഐ.ടി ഒരുങ്ങുന്നത്. കഴിഞ്ഞ ദിവസം അടൂരിലെ വീട്ടിൽ നടത്തിയ പരിശോധനയിലും ലാപ്ടോപ്പ് കണ്ടെത്താനായിരുന്നില്ല.
അതിജീവിതയുടെ മൊഴി നിർണ്ണായകം:
നിലവിൽ വിദേശത്തുള്ള പരാതിക്കാരിയുടെ രഹസ്യമൊഴി ഇന്ത്യൻ എംബസിയുടെ സഹായത്തോടെ വീഡിയോ കോൺഫറൻസിങ് വഴി രേഖപ്പെടുത്താൻ പോലീസ് തീരുമാനിച്ചു. ഇതിനായുള്ള അപേക്ഷ തിങ്കളാഴ്ച കോടതിയിൽ സമർപ്പിക്കും. സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം തലവൻ അതിജീവിതയുമായി ഫോണിൽ സംസാരിച്ച് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
രാഹുലിനെ കസ്റ്റഡിയിലെടുത്ത് തെളിവെടുപ്പിന് എത്തിക്കുമ്പോൾ യൂത്ത് കോൺഗ്രസ് – ഡി.വൈ.എഫ്.ഐ പ്രവർത്തകർ തമ്മിലുണ്ടാകുന്ന സംഘർഷവും അന്വേഷണ സംഘത്തിന് തലവേദനയാകുന്നുണ്ട്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് കസ്റ്റഡി നീട്ടേണ്ടതില്ലെന്ന തീരുമാനത്തിൽ പോലീസ് എത്തിയത്. രാഹുൽ സമർപ്പിച്ച ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കാനിരിക്കെ, പ്രോസിക്യൂഷൻ ശക്തമായ തെളിവുകളുമായി കോടതിയിൽ ഹാജരാകും.
Content Highlights
SIT decides not to seek further custody of Rahul Mamkootathil MLA in the 3rd rape case. Focus shifts to scientific evidence as Rahul remains non-cooperative during interrogation. Victim’s secret statement to be recorded via video conferencing through the Indian Embassy.




















































