Thiruvananthapuram | December 11, 2025
ബിജെപി സ്ഥാനാർത്ഥി മുൻ ഡിജിപി ആർ ശ്രീലേഖ വോട്ടെടുപ്പ് ദിവസം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പ്രീപോൾ സർവേ വ്യാജമാണെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നു. തിരുവനന്തപുരം കോർപ്പറേഷൻ ശാസ്തമംഗലം വാർഡിൽ മത്സരിക്കുന്ന ശ്രീലേഖ തെരഞ്ഞെടുപ്പ് ദിവസം തന്നെ എൻഡിഎയ്ക്ക് അനുകൂലമായ അഭിപ്രായ സർവേ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചിരുന്നു.
കോർപ്പറേഷനിൽ എൻഡിഎയ്ക്ക് മുൻതൂക്കം പ്രവചിക്കുന്ന ഗ്രാഫ് ദൃശ്യം മാധ്യമങ്ങളുമായി സഹകരിച്ച് പ്രീപോൾ സർവേ നടത്താറുള്ള അംഗീകൃത ഏജൻസിയുടേതാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലായിരുന്നു പോസ്റ്റ് പങ്കുവെച്ചത്. ‘തിരുവനന്തപുരം കോർപ്പറേഷൻ എൻഡിഎയ്ക്കൊപ്പം, ജനഹിതം ഇങ്ങനെയാവട്ടെ…’ എന്ന കുറിപ്പോടെയായിരുന്നു ശ്രീലേഖയുടെ പോസ്റ്റ്.
സംഭവത്തിൽ സിപിഐഎമ്മും കോൺഗ്രസും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് ഔപചാരിക പരാതി നൽകിയിട്ടുണ്ട്. വോട്ടർമാരെ കബളിപ്പിക്കാൻ തെരഞ്ഞെടുപ്പ് നിയമങ്ങൾ ലംഘിച്ചാണ് വ്യാജ സർവേ പ്രചരിപ്പിച്ചതെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.
വോട്ടെടുപ്പ് ദിവസം തന്നെ ആർ ശ്രീലേഖയ്ക്കെതിരെ നടപടി ആരംഭിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരുന്നു. കളക്ടറോടും റിട്ടേണിംഗ് ഓഫീസറോടും വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ നിർദേഷം നൽകിയിട്ടുണ്ട്.
ഇതിന് മുമ്പ് വിരമിച്ചിട്ടും സ്ഥാനാർത്ഥി പോസ്റ്ററുകളിൽ ‘ഐപിഎസ്’ എന്ന പദവി ഉപയോഗിച്ചതിന് ശ്രീലേഖ രൂക്ഷ വിമർശനം നേരിട്ടിരുന്നു. വിമർശനങ്ങളെത്തുടർന്ന് പോസ്റ്ററുകളിൽ മാർക്കർ ഉപയോഗിച്ച് ‘റിട്ടയേർഡ്’ എന്ന് എഴുതി ചേർക്കേണ്ടി വന്നിരുന്നു. ഇതിനുശേഷമാണ് വ്യാജ സർവേ പ്രചരിപ്പിക്കൽ ഉൾപ്പെടെയുള്ള ചട്ടലംഘനങ്ങളുമായി ശ്രീലേഖ വീണ്ടും വിവാദത്തിലായത്.
Highlights:
Former DGP R Sreelekha shared allegedly fake pre-poll survey on polling day
Survey showed NDA lead in Thiruvananthapuram Corporation misleadingly
CPM and Congress filed complaints with Election Commission
EC initiated action and sought detailed report from Collector and RO
Earlier faced criticism for using ‘IPS’ designation on posters despite retirement




















































