കൊച്ചി | 15, ജനുവരി | 2026
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമ്മടത്ത് യുഡിഎഫ് ഇത്തവണ അതിശക്തനായ സ്ഥാനാർത്ഥിയെ അണിനിരത്തുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ഇത്തവണ രാഷ്ട്രീയ പോരാട്ടം കടുക്കുമെന്ന വ്യക്തമായ സൂചനയാണ് സണ്ണി ജോസഫ് നൽകുന്നത്.
കേരള കോൺഗ്രസ് (എം) യുഡിഎഫിലേക്ക് മടങ്ങിവരുന്നു എന്ന വാർത്തകളെയും സണ്ണി ജോസഫ് ഭാഗികമായി തള്ളി. “ജോസ് കെ മാണിയുമായി കോൺഗ്രസ് ഇതുവരെ ഔദ്യോഗിക ചർച്ചകൾ നടത്തിയിട്ടില്ല. മുസ്ലീം ലീഗ് അത്തരം ചർച്ചകൾ നടത്തിയോ എന്ന് അറിയില്ല. മുന്നണിയുടെ നന്മയ്ക്കായി ആർക്കും അവരുടേതായ സംഭാവനകൾ നൽകാം. എന്നാൽ പാലാ, കൊട്ടാരക്കര സീറ്റുകളെക്കുറിച്ച് ഇപ്പോൾ ചർച്ചകളൊന്നും നടന്നിട്ടില്ല” – അദ്ദേഹം വ്യക്തമാക്കി.
സണ്ണി ജോസഫിന്റെ പ്രതികരണത്തിലെ പ്രധാന പോയിന്റുകൾ
മുന്നണി മാറ്റം: കേരള കോൺഗ്രസ് (എം) ഇടതുമുന്നണി വിടുമെന്ന അഭ്യൂഹങ്ങൾക്കിടെ, മുന്നണി വിടുന്നത് സംബന്ധിച്ച് അവരാണ് തീരുമാനമെടുക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ലീഗ് കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഹുൽ മാങ്കൂട്ടത്തിൽ വിഷയം: ബലാത്സംഗക്കേസിൽ പോലീസ് കസ്റ്റഡിയിലുള്ള രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കുന്നതാണ് ഉചിതമെന്ന് അദ്ദേഹം ആവർത്തിച്ചു. “രാജി വെക്കുന്നതാണ് നല്ലതെന്ന് ഞാൻ നേരത്തെ പറഞ്ഞതാണ്. എന്നാൽ ഒരാളെ കൈപിടിച്ച് രാജിവെപ്പിക്കാൻ കഴിയില്ലല്ലോ” – സണ്ണി ജോസഫ് പറഞ്ഞു.
സ്വന്തം സ്ഥാനാർത്ഥിത്വം: നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കണമോ എന്ന കാര്യത്തിൽ ഹൈക്കമാൻഡും പാർട്ടിയുമാണ് തീരുമാനമെടുക്കേണ്ടത്. ജനപിന്തുണയാണ് തനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ വിസ്മയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിപിഎമ്മിലെ വമ്പൻമാരെ വീഴ്ത്താൻ കരുത്തുറ്റ തന്ത്രങ്ങളുമായാണ് ഇത്തവണ യുഡിഎഫ് കളത്തിലിറങ്ങുന്നത്. ഐഷാ പോറ്റിയുടെ കോൺഗ്രസ് പ്രവേശനം ഇതിന്റെ തുടക്കമാണെന്ന് മംഗളം ന്യൂസ് ഓൺലൈൻ നേരത്തെ വിശകലനം ചെയ്തിരുന്നു. സണ്ണി ജോസഫിന്റെ വാക്കുകൾ കൂടി വന്നതോടെ ധർമ്മടം ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ പോരാട്ടം കടുക്കുമെന്ന് ഉറപ്പായി.
Content Highlights
KPCC President Sunny Joseph announces that a strong UDF candidate will challenge CM Pinarayi Vijayan in Dharmadam. He clarifies that Congress has not held official talks with Jose K Mani and reiterates his stand that Rahul Mamkootathil should resign from his MLA post.




















































