ന്യൂഡൽഹി | 10, ഫെബ്രുവരി | 2026
മുടിവെട്ടി നശിപ്പിച്ചുവെന്ന് കാണിച്ച് മോഡൽ നൽകിയ പരാതിയിൽ ഐടിസി മൗര്യ സലൂണിന് ആശ്വാസം. പരാതിക്കാരിയായ ആഷ്ന റോയിക്ക് രണ്ട് കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്റെ (NCDRC) ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. രണ്ട് കോടി രൂപയ്ക്ക് പകരം സലൂൺ നിലവിൽ കെട്ടിവെച്ച 25 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകിയാൽ മതിയെന്നാണ് കോടതിയുടെ അന്തിമ വിധി.
2018-ലാണ് പരാതിക്കിടയായ സംഭവം നടന്നത്. ഡൽഹിയിലെ ഐടിസി മൗര്യയിലെ സലൂണിൽ മുടിയുടെ അറ്റത്തുനിന്ന് നാല് ഇഞ്ച് മാത്രം വെട്ടാൻ നിർദേശം നൽകിയ മോഡലിന്റെ മുടി, നാല് ഇഞ്ച് മാത്രം ബാക്കിയാക്കി ബാക്കി മുഴുവൻ വെട്ടിക്കളഞ്ഞുവെന്നായിരുന്നു പരാതി. ഇത് ലണ്ടൻ ഹെയർകട്ട് ആണെന്നായിരുന്നു അന്ന് സലൂൺ അധികൃതരുടെ വിശദീകരണം.
തന്റെ മുടി നശിപ്പിച്ചതിലൂടെ സിനിമാ-മോഡലിംഗ് രംഗത്തെ അവസരങ്ങൾ നഷ്ടപ്പെട്ടുവെന്നും ഇത് വലിയ സാമ്പത്തിക പ്രതിസന്ധിക്കും മാനസിക വിഷമത്തിനും കാരണമായെന്നും ചൂണ്ടിക്കാട്ടി അഞ്ച് കോടി രൂപയാണ് ആഷ്ന ആവശ്യപ്പെട്ടിരുന്നത്. കമ്മീഷൻ ഇത് രണ്ട് കോടിയായി നിശ്ചയിച്ചു. എന്നാൽ, മുടിവെട്ടിയത് കാരണം വരുമാനം നഷ്ടപ്പെട്ടുവെന്ന് തെളിയിക്കുന്ന കൃത്യമായ രേഖകൾ ഹാജരാക്കാൻ മോഡലിന് സാധിച്ചില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. തുടർന്നാണ് നഷ്ടപരിഹാര തുക 25 ലക്ഷമാക്കി കുറച്ചത്.
Content Highlights
- Supreme Court slashes the ₹2 crore compensation for a model over a faulty haircut to ₹25 lakh.
- The court set aside the National Consumer Disputes Redressal Commission’s (NCDRC) earlier order.
- Model Ashna Roy filed a complaint against the salon at ITC Maurya, Delhi, in 2018.
- SC observed that the model failed to provide evidence of financial loss or missed career opportunities due to the haircut.
- The final compensation is fixed at ₹25 lakh, which the salon has already deposited.




















































