കൊച്ചി | 13, ജനുവരി | 2026
ബലാത്സംഗക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ പിന്തുണയ്ക്കുകയും തന്നെ അധിക്ഷേപിക്കുകയും ചെയ്ത പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ നിയമനടപടിയുമായി അതിജീവിത. ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ ഉടൻ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത കേരള പൊലീസിന് പരാതി നൽകി.
ജനപ്രതിനിധിയായ ഒരു സ്ത്രീക്ക് മറ്റൊരു സ്ത്രീയെയോ അല്ലെങ്കിൽ അതിജീവിതയെയോ സോഷ്യൽ മീഡിയയിലൂടെ വിചാരണ ചെയ്യാൻ അവകാശമില്ലെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. തന്നെ അധിക്ഷേപിച്ചതിനും, ഐഡന്റിറ്റി വെളിപ്പെടുത്തിയതിനും പുറമെ സാക്ഷികളെ ഭീഷണിപ്പെടുത്തിയതിനും സൈബർ സെൽ അന്വേഷണം വേണമെന്നും അതിജീവിത ആവശ്യപ്പെട്ടു. ശ്രീനാദേവിയുടെ വിവാദ ഫേസ്ബുക്ക് വീഡിയോ പിൻവലിക്കണമെന്നും അത് ഫോറൻസിക് പരിശോധനയ്ക്ക് അയക്കണമെന്നും പരാതിയിൽ പറയുന്നുണ്ട്.
തന്റെ സുരക്ഷ ഉറപ്പാക്കാൻ പോലീസ് സംരക്ഷണം വേണമെന്നും സത്യം വിളിച്ചുപറയുന്ന സ്ത്രീകളെ സംരക്ഷിക്കുന്ന കാര്യത്തിൽ തനിക്ക് കേരള പൊലീസിൽ വിശ്വാസമുണ്ടെന്നും അതിജീവിത വ്യക്തമാക്കി.
ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു ശ്രീനാദേവി കുഞ്ഞമ്മ രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണ അറിയിച്ച് രംഗത്തെത്തിയത്. രാഹുലിനെതിരായ പീഡന പരാതികളിൽ സംശയമുണ്ടെന്നും കോടതി തന്നെ ചില കേസുകളിൽ സംശയം പ്രകടിപ്പിച്ചിട്ടുണ്ടെന്നുമായിരുന്നു ശ്രീനാദേവിയുടെ വാദം. എന്നാൽ അതിജീവിതയുടെ സ്വകാര്യതയെ ബാധിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ ശ്രീനാദേവിയുടെ ഭാഗത്ത് നിന്നുണ്ടായതാണ് ഇപ്പോൾ വലിയ നിയമപോരാട്ടത്തിലേക്ക് നയിച്ചിരിക്കുന്നത്.
Content Highlights:
Survivor files police complaint against Pathanamthitta District Panchayat member Sreenadevi Kunjamma; Accuses her of insulting victim and revealing identity in Facebook live supporting Rahul Mamkootathil MLA.




















































