കൊച്ചി I ഡിസംബർ 19, 2025
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ രണ്ടാം പ്രതി മാർട്ടിൻ ആന്റണിയുടെ വിവാദ വീഡിയോയ്ക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് അതിജീവിത. തനിക്കെതിരെ നടന്ന അതിക്രമം അപ്പോൾ തന്നെ പോലീസിൽ അറിയിച്ചതും നിയമനടപടിയുമായി മുന്നോട്ട് പോയതുമാണോ താൻ ചെയ്ത തെറ്റെന്ന് അതിജീവിത ഇൻസ്റ്റാഗ്രാം കുറിപ്പിലൂടെ ചോദിച്ചു. ഇത്തരം വീഡിയോകൾ പ്രചരിപ്പിക്കുന്നവർക്ക് മനോവൈകൃതമാണെന്നും തന്നെ സമാധാനമായി ജീവിക്കാൻ അനുവദിക്കണമെന്നും അതിജീവിത കുറിച്ചു.
വിധിയാണെന്ന് കരുതി മിണ്ടാതിരിക്കണമായിരുന്നോ?
“എനിക്കെതിരെ അക്രമം നടന്നപ്പോൾ അതപ്പോൾ തന്നെ പോലീസിൽ പരാതിപ്പെട്ടത് ഞാൻ ചെയ്ത തെറ്റാണോ? അന്നേ സംഭവിച്ചതെല്ലാം വിധിയാണെന്ന് കരുതി ആരോടും ഒന്നും പറയാതെ ഇരിക്കണമായിരുന്നു. പിന്നീട് എപ്പോഴെങ്കിലും ആ വീഡിയോ പുറത്തുവരുമ്പോൾ എന്തുകൊണ്ട് പരാതിപ്പെട്ടില്ല എന്ന് ചോദിക്കുന്നവരോട് മറുപടിയില്ലാതെ ആത്മഹത്യ ചെയ്യണമായിരുന്നു എന്നാണോ നിങ്ങൾ പറയുന്നത്?” – അതിജീവിത കുറിപ്പിൽ ചോദിക്കുന്നു.
പ്രതി മാർട്ടിന്റെ വീഡിയോ
കേസിൽ വിധി വന്നതിന് പിന്നാലെയാണ് മാർട്ടിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചത്. വിചാരണ വേളയിൽ ജാമ്യത്തിലിറങ്ങിയ സമയത്ത് ചിത്രീകരിച്ച ഈ വീഡിയോയിൽ അതിജീവിതയുടെ പേര് വെളിപ്പെടുത്തുകയും വിചാരണ കോടതി തള്ളിക്കളഞ്ഞ വാദങ്ങൾ ആവർത്തിക്കുകയും ചെയ്യുന്നുണ്ട്. “20 വർഷം ശിക്ഷ ലഭിച്ച് ജയിലിൽ പോകുന്നതിന് മുൻപ് പ്രതി എടുത്ത വീഡിയോ കണ്ടു. അതിൽ നഗ്ന വീഡിയോ എടുത്തത് ഞാനാണെന്ന് കൂടി അയാൾക്ക് പറയാമായിരുന്നു. ഇത്തരം വൈകൃതങ്ങൾ പ്രചരിപ്പിക്കുന്നവർക്കോ അവരുടെ വീട്ടിലുള്ളവർക്കോ ഈ അവസ്ഥ വരാതിരിക്കട്ടെ” – അതിജീവിത പറഞ്ഞു.
നേരത്തെ ഈ വീഡിയോ പ്രചരിപ്പിക്കുന്നവർക്കെതിരെയും അതിജീവിതയുടെ പേര് വെളിപ്പെടുത്തിയവർക്കെതിരെയും പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. വിധിക്ക് പിന്നാലെ അതിജീവിതയെ ലക്ഷ്യമിട്ട് നടക്കുന്ന സൈബർ ആക്രമണങ്ങളിൽ പോലീസ് കർശന നടപടിക്ക് ഒരുങ്ങുകയാണ്.
Content Highlight: The survivor in the actress assault case responds emotionally to the viral video of second accused Martin, asking to be allowed to live in peace and questioning those spreading such content.




















































