തിരുവനന്തപുരം | 19, ജനുവരി | 2026.
മന്ത്രി സജി ചെറിയാൻ നടത്തിയ വർഗീയ പരാമർശങ്ങൾ മുഖ്യമന്ത്രി പിണറായി വിജയന്റെ പൂർണ്ണ അറിവോടെയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ജനങ്ങളെ ഭിന്നിപ്പിച്ച് രാഷ്ട്രീയ ലാഭമുണ്ടാക്കാൻ സംഘപരിവാർ പോകുന്ന അതേ വഴിയിലൂടെയാണ് സി.പി.ഐ.എമ്മും സഞ്ചരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
”ഭരണഘടനാ പ്രകാരം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഒരു മന്ത്രി ഇത്രത്തോളം അപകടകരമായ വർഗീയ പ്രസ്താവന നടത്തുന്നത് കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമാണ്. ജയിച്ചു വരുന്ന ആളുകളുടെ മതം നോക്കാനാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഇത് എത്ര ക്രൂരമായ പ്രസ്താവനയാണ്! കേരളം ഇതുവരെ ഉയർത്തിപ്പിടിച്ച മതേതര മൂല്യങ്ങളെ കുഴിച്ചുമൂടാനാണ് ഭരണകൂടം ശ്രമിക്കുന്നത്” – സതീശൻ പറഞ്ഞു.
പ്രതിപക്ഷ നേതാവിന്റെ പ്രതികരണത്തിലെ പ്രധാന പോയിന്റുകൾ…
മുഖ്യമന്ത്രിയുടെ പങ്ക്: എ.കെ. ബാലന്റെയും സജി ചെറിയാന്റെയും പ്രസ്താവനകൾ മുഖ്യമന്ത്രിയുടെ അനുമതിയോടെയാണ്. വർഗീയത ആളിക്കത്തിക്കാൻ ശ്രമിക്കുന്നവരുടെ കയ്യിലേക്ക് തീപ്പന്തം എറിഞ്ഞുകൊടുക്കുന്ന ജോലിയാണ് സർക്കാർ ചെയ്യുന്നത്.
നിലപാടിൽ മാറ്റമില്ല: രാഷ്ട്രീയ ജീവിതത്തിൽ എന്ത് നഷ്ടം വന്നാലും വർഗീയതയ്ക്കെതിരായ നിലപാടിൽ വെള്ളം ചേർക്കില്ല. ജയിച്ചവരുടെ മതം നോക്കാൻ പറയുന്ന ഈ ‘വൃത്തികേട്’ കണ്ടിട്ടും മിണ്ടാതിരിക്കാൻ തന്നെ കിട്ടില്ല.
സംഘപരിവാർ ബന്ധം: ആളുകളെ തമ്മിലടിപ്പിച്ച് വോട്ടുണ്ടാക്കുന്ന ബി.ജെ.പി തന്ത്രമാണ് സി.പി.ഐ.എം കേരളത്തിൽ പയറ്റുന്നത്. ഇത് സംസ്ഥാനത്തെ അപകടകരമായ സാഹചര്യത്തിലേക്ക് നയിക്കും.
വർഗീയത ആര് പറഞ്ഞാലും അതിനെ ശക്തമായി എതിർക്കുമെന്നും ഇത്തരം വിദ്വേഷ പ്രസംഗങ്ങൾ കേട്ട് നിശബ്ദനായി ഇരിക്കുന്നതിലും ഭേദം പൊതുപ്രവർത്തനം നിർത്തി പോകുന്നതാണെന്നും വി.ഡി. സതീശൻ ആഞ്ഞടിച്ചു.
Content Highlights
V.D. Satheesan alleges Minister Saji Cherian’s hate speech has CM Pinarayi Vijayan’s backing.
Accuses CPIM of following the Sangh Parivar’s strategy of dividing people for political gain.
Slams the Minister for asking people to check the religion of elected representatives.
States that such communal remarks undermine the secular values of Kerala.
Asserts he will not compromise his stand against communalism, regardless of political consequences.




















































