തിരുവനന്തപുരം I ഡിസംബർ 9, 2025
യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന വിവാദങ്ങൾ തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് തിരിച്ചടിയാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് ഐതിഹാസികമായ തിരിച്ചുവരവ് നടത്തുമെന്നും ഇതുവരെ യു.ഡി.എഫ് ജയിക്കാത്ത പല പ്രദേശങ്ങളിലും ഇത്തവണ വിജയം നേടുമെന്നും വി.ഡി. സതീശൻ പറഞ്ഞു. എല്ലാ ജില്ലകളിലെയും പ്രവർത്തകർ ആവേശത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സി.പി.ഐ.എമ്മിന് തിരിച്ചടി
നഗരസഭകളിൽ മുൻപുതന്നെ യു.ഡി.എഫിന് മികച്ച മേൽക്കൈയുണ്ട്. ഇത്തവണ നിരവധി പഞ്ചായത്തുകൾ യു.ഡി.എഫ് പുതിയതായി പിടിച്ചെടുക്കും. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കോൺഗ്രസ് ശക്തമായ നടപടി സ്വീകരിച്ചത് പാർട്ടിയ്ക്ക് ഗുണകരമായി എന്നും, അത് സി.പി.ഐ.എമ്മിന് തിരിച്ചടിയാകുമെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു. “വേണ്ടാത്ത കാര്യം ചെയ്തപ്പോൾ ഞങ്ങൾ ആ കൈ വിട്ടു. അതേസമയം മുഖ്യമന്ത്രി ഇപ്പോഴും വിടാതെ പിടിച്ചിരിക്കുന്ന കൈകൾ അറിയാമല്ലോയെന്നും ജനങ്ങൾ എല്ലാം കാണുന്നുണ്ടെന്നും” വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.
ആത്മവിശ്വാസത്തിന് രണ്ട് കാരണങ്ങൾ
യു.ഡി.എഫിന്റെ പൂർണ്ണമായ ആത്മവിശ്വാസത്തിന് പിന്നിൽ രണ്ട് പ്രധാന കാരണങ്ങളുണ്ടെന്നും പ്രതിപക്ഷ നേതാവ് വിശദീകരിച്ചു:
ശക്തമായ ഭരണവിരുദ്ധ വികാരം: സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നുണ്ട്. ശബരിമല സ്വർണക്കൊള്ള ഉൾപ്പെടെയുള്ള വിഷയങ്ങൾ ജനങ്ങളെ ഞെട്ടിച്ചു. കുറ്റക്കാരെ ഇപ്പോഴും പാർട്ടി സംരക്ഷിക്കുന്ന നിലപാടാണ് ജനങ്ങളെ കൂടുതൽ അമ്പരപ്പിക്കുന്നത്. ഉന്നതർക്കെതിരായ അന്വേഷണം തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ നീട്ടിവയ്ക്കാൻ സർക്കാർ എസ്.ഐ.ടിക്ക് മേൽ സമ്മർദം ചെലുത്തുകയാണ്.
കോൺഗ്രസിന്റെ മുന്നൊരുക്കം: പതിവിനപ്പുറമുള്ള ശക്തമായ സംഘടനാ മുന്നൊരുക്കമാണ് ഇത്തവണ കോൺഗ്രസ് നടത്തിയതെന്നതാണ് രണ്ടാമത്തെ പ്രധാന കാരണം.
Highlight
V D Satheesan: Rahul Mankuttathil issue will not affect UDF; predicts historic comeback in local body elections.




















































