തിരുവനന്തപുരം I ഡിസംബർ 18, 2025
ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി ഉൾപ്പെടെയുള്ള കൊടുംകുറ്റവാളികൾക്ക് ജയിലിൽ പ്രത്യേക പരിഗണനയും സൗകര്യങ്ങളും ഒരുക്കാൻ കൈക്കൂലി വാങ്ങിയ ജയിൽ ഡി.ഐ.ജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസെടുത്തു. പണം വാങ്ങി പരോൾ അനുവദിക്കാനും ഇയാൾ കൂട്ടുനിന്നതായി വിജിലൻസ് കണ്ടെത്തി. വിജിലൻസ് സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റിനാണ് അന്വേഷണ ചുമതല.
ഗൂഗിൾ പേ വഴി പണമിടപാട്
രഹസ്യവിവരത്തെ തുടർന്ന് വിജിലൻസ് നടത്തിയ പരിശോധനയിലാണ് ഡി.ഐ.ജിയുടെ ഞെട്ടിക്കുന്ന അഴിമതി പുറത്തുവന്നത്. കൊടി സുനിയുടെ ബന്ധുക്കളിൽ നിന്നും മയക്കുമരുന്ന് കേസിലെ പ്രതികളിൽ നിന്നും ഡി.ഐ.ജി പണം കൈപ്പറ്റിയതായി കണ്ടെത്തിയിട്ടുണ്ട്. ഗൂഗിൾ പേ വഴിയും ഇടനിലക്കാർ വഴിയുമാണ് പണമിടപാടുകൾ നടന്നത്. വിയ്യൂർ ജയിലിൽ നിന്നും വിരമിച്ച ഒരു ഉദ്യോഗസ്ഥനാണ് ഈ അഴിമതിക്ക് ഇടനിലക്കാരനായി പ്രവർത്തിച്ചതെന്നും അന്വേഷണ സംഘം കണ്ടെത്തി.
പ്രതികൾക്ക് വിവിഐപി പരിഗണന
രാഷ്ട്രീയ കൊലക്കേസ് പ്രതികൾക്കും ലഹരി മാഫിയ തലവന്മാർക്കും അനുകൂല റിപ്പോർട്ടുകൾ തയ്യാറാക്കി നൽകി പരോൾ ശരിയാക്കി നൽകുകയായിരുന്നു വിനോദ് കുമാറിന്റെ പ്രധാന രീതി. ഇത്തരത്തിൽ 12 തടവുകാരുടെ ബന്ധുക്കളിൽ നിന്ന് ഇയാൾ വൻതുക കൈപ്പറ്റിയിട്ടുണ്ട്. ജയിലിനുള്ളിൽ മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ആഡംബര സൗകര്യങ്ങൾ ഉപയോഗിക്കാൻ ഇയാൾ പ്രതികളെ സഹായിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്.
വിനോദ് കുമാറിനെ സർവീസിൽ നിന്നും ഉടൻ സസ്‌പെൻഡ് ചെയ്തേക്കും. ഇത് സംബന്ധിച്ച റിപ്പോർട്ട് വിജിലൻസ് മേധാവി ഇന്ന് സർക്കാരിന് കൈമാറും. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ടും ഡി.ഐ.ജിക്കെതിരെ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.
Highlight: Vigilance registers a case against Jail DIG MK Vinod Kumar for accepting bribes to provide luxury facilities and parole to high-profile inmates, including Kodi Suni.




















































