കൊച്ചി | 01, ജനുവരി | 2026
പുതുവർഷത്തെ ആഘോഷപൂർവം വരവേറ്റ് ലോകം. ശാന്തസമുദ്രത്തിലെ കിരിബാത്തി ദ്വീപുകളിലാണ് പുതുവർഷം ആദ്യമെത്തിയത്. ഇന്ത്യൻ സമയം വൈകിട്ട് മൂന്ന് മണിയോടെ ലോകത്ത് ആദ്യമായി കിരിബാത്തിയിൽ 2026 പിറന്നു.
പിന്നാലെ ന്യൂസിലാൻഡും ഓസ്ട്രേലിയയും ആഘോഷത്തോടെ പുതുവർഷത്തെ വരവേറ്റു. കേരളവും വലിയ ആഘോഷങ്ങളോടെയാണ് പുതുവർഷത്തെ സ്വീകരിച്ചത്. ഇന്ത്യൻ സമയം രാത്രി 9.30-നായിരുന്നു ചൈനയിൽ പുതുവത്സരമെത്തിയതെങ്കിൽ രാത്രി 1.30-നായിരുന്നു യുഎഇ പുതുവത്സരത്തെ വരവേറ്റത്.
ലോക റെക്കോർഡിട്ടായിരുന്നു യുഎഇയിലെ പുതുവർഷ ആഘോഷം. റാസ് അൽ ഖൈമയിൽ പുതുവത്സരാഘോഷത്തിൽ 2400 ഡ്രോണുകളും ആറ് കിലോമീറ്റർ നീളത്തിലുള്ള വെടിക്കെട്ടും തീർത്താണ് വിസ്മയം സൃഷ്ടിച്ചത്. ബുർജ് ഖലീഫയും ദുബായ് ഫ്രെയിമും പുതുവത്സരത്തെ ആവേശത്തോടെയാണ് വരവേറ്റത്.
ഇന്ത്യൻ സമയം പുലർച്ചെ 2.30-ന് റഷ്യയിലും പുലർച്ചെ 5.30-ന് ബ്രിട്ടനിലും പുതുവത്സരപ്പിറവി ആഘോഷത്തിന് വഴിമാറി. ന്യൂഡൽഹിയിൽ കനത്ത സുരക്ഷയിലായിരുന്നു പുതുവത്സരാഘോഷം.
കേരളത്തിൽ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിൽ ആഘോഷത്തോടെയാണ് പുതുവത്സരത്തെ വരവേറ്റത്. ഫോർട്ട് കൊച്ചിയിൽ പുതുവർഷത്തെ വരവേൽക്കാൻ രണ്ട് ലക്ഷത്തിലധികം ആളുകൾ ഒത്തുചേർന്നു.
പതിവിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ ഫോർട്ട്കൊച്ചിയിൽ രണ്ട് പാപ്പാഞ്ഞിമാരെ കത്തിച്ചു. വെളി ഗ്രൗണ്ടിലും പരേഡ് മൈതാനത്തുമായിരുന്നു പാപ്പാഞ്ഞി പ്രദർശനം. കനത്ത സുരക്ഷയിലായിരുന്നു ആഘോഷം അരങ്ങേറിയത്.
തിരുവനന്തപുരത്ത് കോവളവും ആഘോഷത്തിന്റെ പ്രധാനകേന്ദ്രമായി. കോവളം ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിലായിരുന്നു ആഘോഷം. ചരിത്രത്തിൽ ആദ്യമായി പാപ്പാഞ്ഞി കത്തിച്ചായിരുന്നു ഇത്തവണ കോവളത്തെ പുതുവത്സരാഘോഷം.
കോഴിക്കോട് ബീച്ചിൽ പതിനായിരക്കണക്കിന് ആളുകൾ പുതുവർഷം ആഘോഷിക്കാനായി ഒത്തുകൂടി. വയനാട്ടിലും ആവേശത്തിരയിളക്കി പുതുവത്സരാഘോഷം നടന്നു. വേടനും ഗൗരിലക്ഷ്മിയും അണിനിരന്ന സംഗീതനിശ വയനാട്ടിലെ പുതുവത്സരാഘോഷത്തെ ആവേശത്തിലാക്കി.
Content Highlights
World welcomes 2026 with grand celebrations across continents
Kiribati islands first to greet New Year at 3 PM IST
UAE sets world record with 2400 drones and 6km fireworks display
Over 2 lakh people gathered at Fort Kochi for celebrations
Two pappanji effigies burnt in Fort Kochi for first time
Kovalam celebrates with historic pappanji burning ceremony




















































