ന്യൂയോർക്ക് | 01, ജനുവരി | 2026
ന്യൂയോർക്ക് സിറ്റി മേയറായി സത്യപ്രതിജ്ഞ ചെയ്ത് സൊഹ്‌റാൻ മംദാനി. ഖുർആനിൽ കൈവെച്ചായിരുന്നു മംദാനിയുടെ സത്യപ്രതിജ്ഞ. ഒരു ജീവിതകാലം മുഴുവനുമുള്ള ബഹുമതിയും പദവിയുമാണിതെന്ന് മംദാനി പറഞ്ഞു. ന്യൂയോർക്ക് അറ്റോർണി ജനറൽ ലെറ്റീഷ്യ ജെയിംസ് മംദാനിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. പങ്കാളിയായ രാമ ദുവാജിയും സത്യപ്രതിജ്ഞയിൽ മംദാനിക്കൊപ്പമുണ്ടായിരുന്നു.
അമേരിക്കയിൽ പുതുവർഷം പിറന്ന് നിമിഷങ്ങൾക്കുള്ളിലായിരുന്നു ന്യൂയോർക്കിന്റെ മേയറായി മംദാനി ഔദ്യോഗികമായി സ്ഥാനമേറ്റത്. വർഷങ്ങളായി അടഞ്ഞുകിടക്കുന്ന ചരിത്രപ്രസിദ്ധമായ സബ്‌വേ സ്റ്റേഷനിലാണ് മംദാനിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടന്നതെന്നത് ശ്രദ്ധേയമാണ്.
1904-ൽ നിർമ്മിച്ച് 1945-ൽ ഉപേക്ഷിക്കപ്പെട്ട പഴയ ‘സിറ്റി ഹാൾ’ സബ്‌വേ സ്റ്റേഷനാണിത്. നഗരത്തിന്റെ പഴയകാല പ്രൗഢിയുടെ അടയാളമായി സബ്‌വേ സ്റ്റേഷൻ ഉയർത്തിപ്പിടിക്കുക എന്ന ലക്ഷ്യമാണ് തന്റെ സത്യപ്രതിജ്ഞാ വേദിയായി ഇവിടം തെരഞ്ഞെടുക്കാൻ മംദാനിയെ പ്രേരിപ്പിച്ചത്.
പകൽ സിറ്റി ഹാളിന് പുറത്തുവെച്ച് വിപുലമായ ഔദ്യോഗിക സത്യപ്രതിജ്ഞാ ചടങ്ങ് നടക്കും. നാല്പതിനായിരത്തോളം പേർ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് വിവരം.
ന്യൂയോർക്ക് മേയറായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ മുസ്‌ലിമും സോഷ്യലിസ്റ്റും ഇന്ത്യൻ വംശജനുമാണ് മംദാനി. ഇന്ത്യൻ സംവിധായിക മീരാ നായരുടെ മകനാണ് മംദാനി. മുൻ ഗവർണർ ആൻഡ്രൂ ക്യൂമോയെയും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി കർട്ടിസ് സ്ലിവയെയും പരാജയപ്പെടുത്തിയാണ് ന്യൂയോർക്ക് സിറ്റിയുടെ 111-ാമത്തെ മേയറായി മംദാനി തെരഞ്ഞെടുക്കപ്പെട്ടത്. ന്യൂയോർക്കിൽ ഇതുവരെ മേയറായി തെരഞ്ഞെടുക്കപ്പെട്ടതിൽ ഏറ്റവും പ്രായം കുറഞ്ഞ മേയർ കൂടിയാണ് മംദാനി.
പ്രധാന വിഷയങ്ങളിൽ മംദാനി എടുത്തിട്ടുള്ള നിലപാടുകൾ ശ്രദ്ധേയമാണ്. ഗുജറാത്ത് മുതൽ ഗാസ വരെ ഇടതുപക്ഷ ആശയത്തിൽ ഉറച്ചുനിന്നുകൊണ്ടാണ് മംദാനി തന്റെ നിലപാടുകൾ വ്യക്തമാക്കിയിട്ടുള്ളത്.
അന്താരാഷ്ട്ര മനുഷ്യാവകാശം, സാമ്രാജ്യത്വ വിരുദ്ധത, സാമ്പത്തിക പുനർവിതരണം, കുടിയേറ്റക്കാരുടെയും തൊഴിലാളിവർഗത്തിന്റെയും പുനരധിവാസം, LGBTQ+ അവകാശങ്ങൾ, ഇസ്രയേൽ-പലസ്തീൻ സംഘർഷം, ഇന്ത്യയിലെ തീവ്രഹിന്ദുത്വ ദേശീയത, ആഗോള കുടിയേറ്റം, അന്തർദേശീയ നീതി, കാലാവസ്ഥാ സമത്വം തുടങ്ങിയവയിൽ പലപ്പോഴായി മംദാനി നിലപാടുകൾ അറിയിക്കുകയും അതിൽ ഉറച്ചുനിൽക്കുകയും ചെയ്തിട്ടുണ്ട്.
ന്യൂയോർക്ക് നഗരത്തിൽ വാടക നിയന്ത്രണം, സൗജന്യ ശിശു സംരക്ഷണം തുടങ്ങി നിരവധി ആശയങ്ങളാണ് മംദാനി മുന്നോട്ടുവെച്ചത്.
Content Highlights
Zohran Mamdani sworn in as New York City Mayor with hand on Quran
First Muslim, Socialist, and Indian-origin NYC mayor
Oath ceremony held at historic abandoned City Hall subway station
Son of Indian filmmaker Mira Nair
Youngest mayor ever elected in New York City history
40,000 expected at official daytime inauguration
Progressive stance on human rights, climate equity, and social justice




















































