കൊച്ചി | 29, ഡിസംബർ | 2025
ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ അംഗം എൻ വിജയകുമാർ അറസ്റ്റിൽ. അറസ്റ്റിലായ എ പത്മകുമാറിന്റെ ഭരണസമിതിയിലെ അംഗമാണ് വിജയകുമാർ. കൂട്ടുത്തരവാദിത്തമാണെന്ന പത്മകുമാറിന്റെ മൊഴി സാധൂകരിക്കുന്ന നടപടിയാണ് എസ്‌ഐടിയുടെ ഈ അറസ്റ്റ്.
നോട്ടീസിന് ഹാജരായില്ല
നേരത്തെ വിജയകുമാറിന് എസ്‌ഐടി നോട്ടീസ് അയച്ചിരുന്നെങ്കിലും ഹാജരായില്ല. തുടർന്ന് വിജയകുമാറിനെ ഇന്ന് നേരിട്ട് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
പോറ്റിയുടെ മൊഴി
അതേസമയം ശബരിമല സ്വർണക്കൊള്ള കേസിൽ എൻ വിജയകുമാറിനും മുൻ ദേവസ്വം ബോർഡ് അംഗമായ കെ പി ശങ്കരദാസിനുമെതിരെ കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴിയുണ്ടായിരുന്നു. “ബോർഡ് അറിഞ്ഞുകൊണ്ടാണ് എല്ലാം ചെയ്തത്,” എന്നായിരുന്നു ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴി. സ്വർണപ്പാളി കൈമാറാനുള്ള പത്മകുമാറിന്റെ തീരുമാനത്തെ ബോർഡ് അംഗീകരിച്ചതിനും തെളിവുകൾ കണ്ടെത്തിയിരുന്നു.
ഹൈക്കോടതി വിമർശനം
നേരത്തെ വിജയകുമാറിനെയും കെ പി ശങ്കരദാസിനെയും അറസ്റ്റ് ചെയ്യാത്തതെന്തെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. വിവേചനമില്ലാതെ അന്വേഷണം പൂർത്തിയാക്കണമെന്ന് എസ്ഐടിയോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഒരു കാരണവശാലും കുറ്റവാളികളെ വേർതിരിച്ച് കാണരുതെന്നും ഹൈക്കോടതി വിമർശിച്ചിരുന്നു.
പത്മകുമാറിനൊപ്പം ദേവസ്വം ബോർഡ് അംഗങ്ങൾക്കും ക്രിമിനൽ ഉത്തരവാദിത്തം ഉണ്ടെന്ന് പറഞ്ഞ കോടതി അന്വേഷണം ഫലപ്രദമല്ല എന്നും നിരീക്ഷിച്ചിരുന്നു. ഹൈക്കോടതിയുടെ നിർദ്ദേശങ്ങൾക്ക് ശേഷമാണ് എസ്ഐടി വിജയകുമാറിനെ അറസ്റ്റ് ചെയ്തത്.
ശബരിമല സ്വർണക്കൊള്ള കേസിൽ ഇതുവരെ നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ദേവസ്വം ബോർഡ് മുൻ അംഗങ്ങളുടെ പങ്കാളിത്തം വ്യക്തമാകുന്നതോടെ കേസ് കൂടുതൽ സങ്കീർണമാവുകയാണ്.
Content Highlights: N Vijayakumar arrested in Sabarimala gold heist case, former Devaswom Board member taken into custody, was member of A Padmakumar’s administration, Unnikrishnan Potti’s statement implicates board members, did not appear for SIT notice, High Court questioned discrimination in investigation, board had criminal responsibility says court




















































