കോഴിക്കോട് | 12, ഫെബ്രുവരി | 2026
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ വേദിയിൽ നേതാക്കൾ തമ്മിൽ ഉന്തും തള്ളും ഉണ്ടായെന്ന പ്രചാരണം വാസ്തവ വിരുദ്ധമാണെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺ കുമാർ. വടകര എംപി ഷാഫി പറമ്പിൽ പ്രസംഗിക്കണമെന്ന് പ്രവർത്തകർ ആവശ്യപ്പെട്ടപ്പോഴുണ്ടായ ആവേശം മാത്രമാണ് അവിടെ കണ്ടതെന്നും അതിനെ തെറ്റായ രീതിയിൽ വ്യാഖ്യാനിക്കരുതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ജാഥ നിശ്ചയിച്ചതിലും വൈകിയതിനാൽ പാറക്കൽ അബ്ദുള്ളയും എം.കെ. രാഘവനും സംസാരിക്കട്ടെ എന്നും താൻ പ്രസംഗിക്കുന്നില്ലെന്നും ഷാഫി പറമ്പിൽ തന്നെ വ്യക്തമാക്കിയതാണ്. അദ്ദേഹത്തിന് യാതൊരു നീരസവും ഉണ്ടായിട്ടില്ല. പ്രവർത്തകർ നിർബന്ധിച്ചപ്പോൾ തന്നെ വിളിക്കരുതെന്ന് സ്നേഹപൂർവ്വം പറയുകയായിരുന്നു അദ്ദേഹം ചെയ്തത്. ഇതിനെ ഉന്തും തള്ളുമായി ചിത്രീകരിക്കുന്നത് നിർഭാഗ്യകരമാണെന്നും വേദിയിൽ ആരും വീണിട്ടില്ലെന്നും പ്രവീൺ കുമാർ വിശദീകരിച്ചു.
യാത്രയ്ക്ക് ലഭിക്കുന്ന വൻ ജനപങ്കാളിത്തം കണ്ട് ഭയന്ന സി.പി.എം സൈബർ വിഭാഗം ജാഥയുടെ ശോഭ കെടുത്താൻ ശ്രമിക്കുകയാണ്. മൂന്ന് മണിക്കൂർ വൈകിയിട്ടും രാത്രി പത്ത് മണി വരെ ജനം കാത്തുനിന്നത് ജാഥയുടെ വിജയമാണ്. ഇത്തരം പോസിറ്റീവ് കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് പകരം മാധ്യമങ്ങൾ വാസ്തവ വിരുദ്ധമായ വാർത്തകൾക്ക് പിന്നാലെ പോകരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ജാഥാ ക്യാപ്റ്റൻ സംസാരിക്കുന്നതിന് മുൻപ് പ്രസംഗിക്കാൻ ഷാഫി പറമ്പിലിനെ വിളിക്കാത്തതുമായി ബന്ധപ്പെട്ടാണ് കുറ്റ്യാടിയിൽ പ്രവർത്തകർ പ്രതിഷേധം ഉയർത്തിയത്.
Content Highlights
- Calicut DCC President K. Praveen Kumar refutes rumors of a scuffle during the ‘Puthuyuga Yatra’.
- Clarifies that Shafi Parambil MP had no resentment over not being called to speak.
- Attributes the commotion to enthusiastic supporters requesting Shafi’s speech.
- Accuses CPM cyber wings of trying to tarnish the success of the rally led by V.D. Satheesan.
- Emphasizes the high public turnout in Kuttiadi despite the rally being delayed by three hours.




















































