
ന്യൂയോർക്ക്: എഡ്യുക്കേഷണൽ ടെക് സ്ഥാപനമായ ബൈജൂസിന് വീണ്ടും തിരിച്ചടി. ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രന് 1.07 ബില്യണിലധികം ഡോളർ (ഏകദേശം 9600 കോടി രൂപ) പിഴ ചുമത്തി യുഎസിലെ ഡെലവെയർ പാപ്പരത്ത കോടതി.
കന്പനിയുടെ യുഎസ് ഫിനാൻസിംഗ് വിഭാഗമായ ബൈജൂസ് ആൽഫയിൽനിന്ന് ഫണ്ട് നീക്കം ചെയ്യുകയും മറച്ചുവെക്കുകയും ചെയ്തതിന് രവീന്ദ്രന് വ്യക്തിപരമായ ഉത്തരവാദിത്വമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഡിഫോൾട്ട് വിധി.
കോടതിയിൽ ഹാജരാകാനും രേഖകൾ നൽകാനുമുള്ള നിർദേശങ്ങൾ പാലിക്കുന്നതിൽ ബൈജു രവീന്ദ്രൻ ആവർത്തിച്ച് പരാജയപ്പെട്ടതിനെ തുടർന്നാണ് ഡെലവെയർ പാപ്പരത്ത കോടതിയിലെ ജഡ്ജി ബ്രെൻഡൻ ഷാനൻ ഡിഫോൾട്ട് വിധി പുറപ്പെടുവിച്ചത്.
ഒരു കക്ഷി വ്യവഹാരത്തിൽ പങ്കെടുക്കാതിരിക്കുന്പോഴോ കോടതി ഉത്തരവുകൾ അവഗണിക്കുന്പോഴോ പുറപ്പെടുവിക്കുന്ന ഒരു വിധിയാണ് ഡിഫോൾട്ട് വിധി. വിചാരണ കൂടാതെ കേസ് തീരുമാനിക്കാൻ ഇത് കോടതിയെ അനുവദിക്കുന്നു.




















































