
അബൂജ: നൈജീരിയയിൽ അക്രമികൾ കത്തോലിക്കാ ബോർഡിംഗ് സ്കൂൾ ആക്രമിച്ച് തട്ടിക്കൊണ്ടുപോയത് 303 വിദ്യാർഥികളും 12 അധ്യാപകരും അടക്കം 315 പേരെ.
നൈജീരിയയിലെ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയ (സിഎഎൻ) സംഭവസ്ഥലം സന്ദർശിച്ചശേഷം അറിയിച്ചതാണിത്.
നൈജർ സംസ്ഥാനത്തെ പാപിരിയിൽ 629 കുട്ടികൾ പഠിക്കുന്ന സെന്റ് മേരീസ് ബോർഡിംഗ് സ്കൂളിൽ വെള്ളിയാഴ്ച പുലർച്ചെയാണ് ആക്രമണമുണ്ടായത്.
സ്കൂളിൽ അതിക്രമിച്ചുകടന്ന സംഘം വിദ്യാർഥികളെയും അധ്യാപകരെയും സമീപത്തെ വനത്തിലേക്കു കടത്തിക്കൊണ്ടുപോകുകയായിരുന്നു.
കുട്ടികളെ കണ്ടെത്താൻ വനത്തിൽ തെരച്ചിൽ ആരംഭിച്ചതായി പോലീസ് അറിയിച്ചു.
തിങ്കളാഴ്ച കെബ്ബി സംസ്ഥാനത്തുണ്ടായ സമാന സംഭവത്തിൽ 25 വിദ്യാർഥിനികളെ തട്ടിക്കൊണ്ടുപോയിരുന്നു. ഇവരെയും കണ്ടെത്താനായിട്ടില്ല.
സെന്റ് മേരീസ് സ്കൂൾ സംഭവത്തിന്റെ പശ്ചാത്തലത്തിൽ നൈജർ സംസ്ഥാനത്തും അയൽസംസ്ഥാനങ്ങളിലും മുൻകരുതലായി സ്കൂളുകൾ അടച്ചിട്ടു.
ആക്രമണം ഉണ്ടാകാമെന്ന ഇന്റലിജൻസ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ നൈജർ സംസ്ഥാനത്തെ സ്കൂളുകൾ പൂട്ടാൻ നിർദേശം നല്‍കിയിരുന്നതാണെന്ന് അധികൃതർ പറഞ്ഞു.




















































